കേരളം ഓടിച്ചുവിട്ട അരിക്കൊമ്പന്‍ തമിഴ്നാടിനു തലവേദനയാകുന്നു

0
88

കേരളത്തില്‍ നിന്നും വനംവകുപ്പ് ഓടിച്ചുവിട്ട അരിക്കൊമ്പന്‍ തമിഴ്നാടിനു തലവേദനയാകുന്നു. ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ വിളയാടിയപ്പോള്‍  കേരളത്തിലെ വനംവകുപ്പ് അനുഭവിച്ച അതേ തലവേദനയാണ് ഇപ്പോള്‍ തമിഴ്നാട് അനുഭവിക്കുന്നത്. കമ്പം ടൗണിലിറങ്ങി ജനത്തെ വിറപ്പിച്ച അരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവേടിയും കുങ്കിയാനകളെയും സജ്ജമാക്കുകയാണ് ഇപ്പോള്‍ തമിഴ്നാട് വനംവകുപ്പ്.  കൊമ്പന്‍ കമ്പംമേട്ട്  ഭാഗത്തേക്ക് നീങ്ങിയേക്കും എന്ന സൂചനയാണ് നിലനില്‍ക്കുന്നത്. ഈ മലനിരകൾക്ക് ഇപ്പുറം കേരളമാണ്. അരിക്കൊമ്പന്റെ സഞ്ചാരം അധികൃതർ നിരീക്ഷിക്കുന്നുണ്ട്.

ദൗത്യത്തിനായി ആനമലയിൽനിന്നു 3 കുങ്കിയാനകളെ എത്തിക്കും. കമ്പം മേഖലയിൽ അതീവജാഗ്രതാ നിർദേശമുണ്ട്. ആനയെ പിടികൂടാൻ എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടു.

കമ്പം ടൗണിലിറങ്ങി പരാക്രമം നടത്തിയ അരിക്കൊമ്പൻ കമ്പത്തുനിന്നു  ഇപ്പോള്‍ വനാതിർത്തി മേഖലയിലേക്ക് നീങ്ങുകയാണ്.   ജനവാസ മേഖലയ്ക്ക് സമീപം വാഴത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന കൊമ്പൻ അവിടെനിന്നു പുറത്തെത്തി ദേശീയപാത മുറിച്ചുകടന്നു. ലോവർ ക്യാംപ് ഭാഗത്തേക്കോ കമ്പംമേട്ട് പരിസരത്തേക്കോ നീങ്ങിയേക്കും.

പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കാടിന്‍റെയും നാടിന്‍റെയും പലഭാഗങ്ങളിലായി കറങ്ങി നടക്കുകയാണ് ഇപ്പോൾ. മുല്ലക്കൊടി മേദകാനം ഭാഗത്താണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. പിന്നീട് മംഗളദേവി വഴി തമിഴ്നാടിന്‍റെ അതിര്‍ത്തി മേഖലയില്‍ കൊമ്പനെത്തി.

മേഘമലയിലെ ഹൈവേസ് ഡാം, മണലാര്‍ എസ്റ്റേറ്റ്, ഇറവങ്കലാര്‍ എസ്റ്റേറ്റ്, തമിഴന്‍കാട് വനം എന്നിവിടങ്ങളിൽ കുറച്ചുനാൾ അലഞ്ഞുനടന്നു. പിന്നീട് പെരിയാര്‍ മുല്ലക്കൊടിയില്‍ മടങ്ങിയെത്തി. കുമളി ടൗണിന് അടുത്തുള്ള റോസാപ്പൂക്കണ്ടം, തേക്കടി വനമേഖല എന്നിവിടങ്ങള്‍ പിന്നിട്ട്, തമിഴ്നാട് വനാതിര്‍ത്തി കടന്ന് ലോവര്‍ ക്യാംപിലെത്തി. അവിടെനിന്നാണ് കമ്പം ടൗണിലേക്കെത്തിയത്.

അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടാനുള്ള ശ്രമത്തിലാണ് തമിഴ്നാട് സർക്കാർ. ആനയെ മേഘമല കടുവാ സങ്കേതത്തിനുള്ളിൽ വിടാൻ സർക്കാർ ഉത്തരവിട്ടു. കമ്പം ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതു ലംഘിച്ച 20 പേർക്കെതിരെ കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here