തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് പത്ത് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കൻഡറി സ്കൂളുകളില്‍ 30 ശതമാനം വരെ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇതിലൂടെ 65,000 സീറ്റുകളാണ് വര്‍ദ്ധിക്കുക.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളുകളില്‍ 30 ശതമാനവും, എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനയ്ക്കാണ് അനുമതി . ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധന അനുവദിക്കും. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കൻഡറി സ്കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ദ്ധിപ്പിക്കും.ഹയര്‍ സെക്കൻഡറി സ്കൂളുകളില്‍ 2022-23ല്‍ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകളും,. 2022- 23ല്‍ നിലനിറുത്തിയ 18 സയൻസ് , 49 ഹ്യുമാനിറ്റീസ്, എട്ട് കൊമേഴ്സ് ബാച്ചുകളും തുടരും.
ഇത്തവണ പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയവരുടെ എണ്ണം 4,17,864 ആണ്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണം 68,604.. വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന വിഷയത്തിലോ, സ്കൂളിലോ പ്രവേശനം ലഭിക്കാതെ വരുമെന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ആശങ്ക.മലബാര്‍ മേഖലയില്‍ അധിക ബാച്ചുകള്‍ അനുവദിക്കുന്നത് സര്‍ക്കാരിന് കടുത്ത സാമ്ബത്തിക ബാദ്ധ്യത വരുത്തുമെന്നതിനാല്‍ പരിഗണിച്ചില്ല. പുതിയ ബാച്ചുകള്‍ക്കനുസരിച്ച് അധിക അദ്ധ്യാപക തസ്തികകളും വേണ്ടി വരും. ഒരു ബാച്ചിന് ആറ് തസ്തികകളെങ്കിലും വേണ്ടി വരുമെന്നാണ് കണക്ക്. 2014ലും 15ലും 51 സ്കൂളുകളില്‍ അനുവദിച്ച 58 പുതിയ ബാച്ചുകളില്‍ സ്ഥിരം അദ്ധ്യാപകരായിട്ടില്ല. 27 സര്‍ക്കാര്‍ സ്കൂളുകളില്‍ 32 ബാച്ചുകളും 24 എയ്ഡഡ് സ്കൂളുകളില്‍ 26 ബാച്ചുകളുമാണ് അന്ന് അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷം:20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനയും 81 താല്‍ക്കാലികബാച്ചുകളുംഅനുവദിച്ചപ്പോള്‍ 3,60,692 സീറ്റുകളുണ്ടായിരുന്നത് 4.18ലക്ഷമായി ഉയര്‍ന്നു.