തൃക്കരിപ്പൂര്‍: കാസര്‍കോട് ജില്ലയിലെ കല്ലുമ്മക്കായ കര്‍ഷകര്‍ ദുരിതത്തില്‍. പൂര്‍ണ്ണ വളര്‍ച്ചയെത്താതെ കല്ലുമ്മക്കായ നശിക്കാന്‍ തുടങ്ങിയതും വില കുറഞ്ഞതുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ്, ചെറുവത്തൂര്‍ മേഖലകളിലായി രണ്ടായിരത്തോളം കര്‍ഷകരാണ് കല്ലുമ്മക്കായ കൃഷി ചെയ്യുന്നത്. അഞ്ച് വര്‍ഷം മുമ്പ് വെറും 300 കര്‍ഷകര്‍ ഉണ്ടായിരുന്ന സ്ഥലത്താണ് നിലവില്‍ ഇത്രയും പേര്‍ കല്ലുമ്മക്കായ കൃഷി ചെയ്യുന്നത്.
കര്‍ഷകരുടെ എണ്ണം കൂടിയതോടെ കവ്വായി കായല്‍ ജലത്തിന് താങ്ങാവുന്നതിലും കൂടുതലാണ് ഉത്പാദനം. കായല്‍ ജലത്തില്‍ നിന്നും ആവശ്യമായ പോഷണം ലഭിക്കാത്തതാണ് വളര്‍ച്ചയെത്താതെ കല്ലുമ്മക്കായകള്‍ നശിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കല്ലുമ്മക്കായ നശിക്കാന്‍ തുടങ്ങിയതോടെ വിപണിയില്‍ വില കുത്തനെ താഴുകയും ചെയ്തു. സീസണ്‍ ആരംഭത്തില്‍ കിലോയ്ക്ക് 200 രൂപ ലഭിച്ചിടത്ത് ഇപ്പോള്‍ നൂറ് രൂപയില്‍ താഴെ മാത്രമാണ് വില ലഭിക്കുന്നത്.
കുറഞ്ഞ വിലയ്ക്ക് വിത്ത് ലഭിച്ചതോടെയാണ് കര്‍ഷകര്‍ കൂടുതലായി കല്ലുമ്മക്കായ കൃഷിയിലേക്ക് എത്തിയത്. ഇതോടെ കൂടുതല്‍ കൃഷി ഇറക്കുകയും ചെയ്തു. മാനദണ്ഡം നിശ്ചയിച്ച് കല്ലുമ്മക്കായ കൃഷി ശാസ്ത്രീയമായി നിയന്ത്രിക്കണമെന്നാണ് ഉയരുന്ന ആവശ്യം. വിത്ത് വിതരണവും വിള സംഭരണവും സര്‍ക്കാര്‍ നിയന്ത്രിത ഏജന്‍സികള്‍ വഴി വേണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.