മൗണ്ട് എറ്റ്നയില്‍ പൊട്ടിത്തെറി, മഴ പോലെ ചാരം.

0
75

റോം : ഇറ്റലിയിലെ പ്രശസ്തവും യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപര്‍വതങ്ങളില്‍ ഒന്നുമായ മൗണ്ട് എറ്റ്നയില്‍ പൊട്ടിത്തെറി.

സിസിലിയുടെ കിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന സജീവ അഗ്നിപര്‍വതമായ എറ്റ്നയില്‍ നിന്ന് കാറ്റാനിയ നഗരത്തിലേക്ക് വന്‍തോതില്‍ ചാരം പതിച്ചതോടെ ഇവിടുത്തെ വിമാനത്താവളം താത്കാലികമായി അടച്ചു. വിമാനത്താവളത്തിന്റെ റണ്‍വെയിലും ചാരം മൂടി.

സുരക്ഷാ വ്യവസ്ഥകള്‍ ഉറപ്പാക്കിയ ശേഷമേ ടൂറിസ്റ്റുകളുടെ ആകര്‍ഷണ കേന്ദ്രമായ കാറ്റാനിയയിലെ വിമാനത്താവളം തുറക്കൂ എന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഗുരുതര സാഹചര്യമില്ലെന്നും എറ്റ്നയെ നിരീക്ഷിക്കുകയാണെന്നും ആര്‍ക്കും പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇറ്റലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജിയോഫിസിക്സ് ആന്‍ഡ് വോല്‍ക്കനോളജി അറിയിച്ചു. എറ്റ്‌നയില്‍ നിന്ന് ഇന്നലെ ഉച്ചത്തിലുള്ള പൊട്ടിത്തെറി ശബ്ദങ്ങള്‍ കേട്ടതായി അഡ്രാനോ, ബിയാന്‍കാവില്ല പട്ടണങ്ങളിലെ ജനങ്ങള്‍ പറയുന്നു.

തുര്‍ച്ചയായി പൊട്ടിത്തെറിക്കാറുള്ള എറ്റ്‌നയുടെ സമീപം ജനവാസമില്ല. എന്നാല്‍, ഇറ്റലിയുടെ കാലാവസ്ഥയെ എറ്റ്ന പുറംതള്ളുന്ന ലാവയും പുകയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. മൗണ്ട് എറ്റ്നയില്‍ കഴിഞ്ഞ 2,000ത്തിലേറെ വര്‍ഷങ്ങളായി പൊട്ടിത്തെറികള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. 11,014 അടി ഉയരമുള്ള എറ്റ്നയില്‍ 2014 മുതല്‍ സജീവമായി ചെറു പൊട്ടിത്തെറികള്‍ ഉണ്ടാകുന്നുണ്ട്.

1971ലാണ് എറ്റ്നയില്‍ അവസാനമായി ഗുരുതമായ പൊട്ടിത്തെറിയുണ്ടായത്. വന്‍ കൃഷി നാശമാണ് അന്ന് എറ്റ്നയില്‍ നിന്നൊഴുകിയ ലാവ വരുത്തിവച്ചത്. പിന്നീട് 1999ലും സമാന രീതിയിലുണ്ടായ പൊട്ടിത്തെറി കൃഷിയെയും മറ്റും ബാധിച്ചിരുന്നു. എറ്റ്നയെ കൂടാതെ വെസൂവിയസ്, സ്ട്രോംബോളി എന്നിവയും ഇറ്റലിയിലെ തന്നെ സജീവ അഗ്നിപര്‍വതങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here