തൃശ്ശൂര്‍: തൃപ്രയാറില്‍ അടച്ചിട്ട കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ മോഷ്ടാവ് അറസ്റ്റില്‍. വാടാനപ്പിള്ളി സ്വദേശി ബഷീര്‍ ബാബുവാണ് അറസ്റ്റിലായത്.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം പ്രതിയ പിടികൂടുകയായിരുന്നു. തൃപ്രയാര്‍ പോളി ജംഗ്‌ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫണ്‍ സൂപ്പര്‍ മാര്‍ക്കറ്റ്, സമീപത്ത് പ്രവര്‍ത്തിക്കുന്ന നാട്ടിക സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റിക്ക് കീഴിലുള്ള കൊതി ഹോട്ട് ചിപ്സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
ഇന്നലെ രാവിലെ സ്ഥാപനം തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. എണ്ണായിരത്തോളം രൂപയും, ജ്യുസ്, മിഠായികള്‍ എന്നിവയും ആണ് മോഷ്ടാവ് കവര്‍ന്നത്. വീടിനോട് ചേര്‍ന്നുള്ള സ്ഥാപനത്തിന്റെ പുറകുവശത്തെ ഗ്രില്‍ വാതില്‍ വഴി അകത്തു കടന്ന മോഷ്ടാവ് കടയില്‍ മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു.
മോഷണത്തിന്റെ വീഡിയോ ദൃശ്യം സ്ഥാപനത്തിനകത്തെ നിരീക്ഷണ ക്യാമറയില്‍ നിന്ന് പൊലീസ് ശേഖരിച്ചിരുന്നു. ബര്‍മുഡ മാത്രം ധരിച്ച മോഷ്ടാവ് മുഖം തുണികൊണ്ട് മറച്ചിരുന്നു. സമീപത്തെ കൊതി ഹോട്ട് ചിപ്സ് സ്ഥാപനത്തില്‍ നിന്ന് രണ്ടായിരം രൂപയും മോഷ്ടാവ് കവര്‍ന്നിരുന്നു. സ്ഥാപനത്തിന്റെ മുന്‍ഭാഗത്തെ ഒരു ഷട്ടറിന്റെ താഴ് കോടാലി ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഡോഗ് സ്‌ക്വാഡിലെ നായ മിനി സിവില്‍ സ്റ്റേഷന് സമീപത്തെ ഇടറോഡിലൂടെ പോയി തിരിച്ചെത്തി.
വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യത്തില്‍ നിന്നാണ് പ്രതിയിലേക്കെത്താനായത്.