1990കളിൽ മാഗസിൻ എഴുത്തുകാരൻ ഇ ജീൻ കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്‌തതിന് ഡൊണാൾഡ് ട്രംപ് 5 മില്യൺ ഡോളർ നഷ്‌ടപരിഹാരം നൽകണമെന്ന് ജൂറി. “ഇന്ന്, ലോകം ഒടുവിൽ സത്യം അറിയുന്നു,” വിധിയ്ക്ക് പിന്നാലെ കരോൾ പ്രസ്‌താവനയിൽ പറഞ്ഞു. “ഈ വിജയം എനിക്ക് മാത്രമല്ല, ആരും വിശ്വസിക്കാത്തതിനാൽ കഷ്‌ടത അനുഭവിച്ച എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ്.” അവർ കൂട്ടിച്ചേർത്തു.
2024ൽ വൈറ്റ് ഹൗസ് തിരിച്ചുപിടിക്കാൻ പ്രചാരണം നടത്തുന്ന മുൻ യുഎസ് പ്രസിഡന്റ് അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജോസഫ് ടാകോപിന മാൻഹട്ടൻ ഫെഡറൽ കോടതിക്ക് പുറത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
1995-96 കാലഘട്ടത്തിൽ മാൻഹട്ടനിലെ ബെർഗ്‌ഡോർഫ് ഗുഡ്‌മാൻ ഡിപ്പാർട്ട്‌മെന്റ് സ്‌റ്റോർ ഡ്രസ്സിംഗ് റൂമിൽ വച്ച് ട്രംപ് (76) തന്നെ ബലാത്സംഗം ചെയ്‌തുവെന്നും തുടർന്ന് 2022 ഒക്‌ടോബറിൽ തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതിയ പോസ്‌റ്റിൽ തന്റെ പ്രശസ്‌തിക്ക് ഹാനി വരുത്തിയെന്നും സിവിൽ വിചാരണയ്ക്കിടെ കരോൾ (79) സാക്ഷ്യപ്പെടുത്തി.
ഏപ്രിൽ 25 ന് ആരംഭിച്ച വിചാരണയിൽ ഉടനീളം ട്രംപ് ഹാജരായിരുന്നില്ല. തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്‌റ്റിൽ ട്രംപ് വിധിയെ അപമാനകരമെന്ന് വിളിക്കുകയും ഈ സ്ത്രീ ആരാണെന്ന് തനിക്ക് തീർത്തും അറിയില്ലെന്നും പറഞ്ഞു. ഇതൊരു സിവിൽ കേസായതിനാൽ, ട്രംപിന് ക്രിമിനൽ വിചാരണ നേരിടേണ്ടിവരില്ല, അതുപോലെ ഒരിക്കലും ജയിൽ ഭീഷണിയും ഉണ്ടായിട്ടില്ല.
ഏകകണ്ഠമായ വിധി പുറപ്പെടുവിക്കേണ്ട ജൂറി മൂന്ന് മണിക്കൂറിൽ താഴെ മാത്രമാണ് ചർച്ച നടത്തി. അതിലെ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും കരോളിന് നഷ്‌ടപരിഹാരമായി 5 മില്യൺ ഡോളർ നൽകാനാണ് വിധിച്ചത്, എന്നാൽ കേസ് അപ്പീലിൽ ഉള്ളിടത്തോളം കാലം ട്രംപ് പണം നൽകേണ്ടതില്ല.