മോസ്കോ> റഷ്യക്കെതിരെ പാശ്ചാത്യരാജ്യങ്ങള്‍ യുദ്ധം ചെയ്യുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍.
പാശ്ചാത്യ രാജ്യങ്ങളുടെ അത്യാഗ്രഹവും ദുരഭിമാനവുമാണ് ഉക്രയ്ന്‍ യുദ്ധത്തിലേക്ക് നയിച്ചത്. മാനവരാശി വഴിത്തിരിവിന്റെ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ലോകയുദ്ധത്തില്‍ നാസി പട്ടാളത്തിനെതിരെ സോവിയറ്റ് യൂണിയന്‍ വിജയം കൈവരിച്ചതിന്റെ 78–-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മോസ്കോയില്‍ സംഘടിപ്പിച്ച വിജയദിന പരേഡില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.
ഉക്രയ്ന്‍ യുദ്ധഭൂമിയില്‍നിന്ന് പരേഡില്‍ പങ്കെടുക്കാനെത്തിയ സൈനികരെ അദ്ദേഹം അഭിനന്ദിച്ചു. തങ്ങളുടെ പരമാധികാരം സംരക്ഷിക്കുക മാത്രമാണ് റഷ്യ ചെയ്യുന്നതെന്നും പുടിന്‍ പറഞ്ഞു.മോസ്കോയില്‍ വിപുലമായ ആഘോഷ പരിപാടികള്‍ നടന്നെങ്കിലും സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പരിമിതമായ രീതിയില്‍ മാത്രമാണ് പരിപാടികള്‍ക്ക് അനുമതി നല്‍കിയത്. അടുത്തിടെ ക്രെംലിനിലടക്കം ആക്രമണം നടന്ന പശ്ചാത്തലത്തിലാണിത്.
മുന്‍ സോവിയറ്റ് രാജ്യങ്ങളായ കസാഖ്സ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, അര്‍മേനിയ എന്നിവയുടെ തലവന്മാരും വിജയദിനാഘോഷത്തില്‍ പങ്കെടുത്തു. അതിനിടെ, പോളണ്ടിലെ വാര്‍സോയില്‍ വിജയദിന സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കാനെത്തിയ റഷ്യന്‍ സ്ഥാനപതിയെ ഉക്രയ്ന്‍–- പോളിഷ് പ്രക്ഷോഭകര്‍ തടഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ റഷ്യയുടെ ശക്തിപ്രകടനത്തില്‍ ഭയപ്പെടരുതെന്നും ഉക്രയ്നെ തുടര്‍ന്നും സഹായിക്കണമെന്നും ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച യൂറോപ്പ് ദിനവുമായിരുന്നു. യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഊര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ കീവിലെത്തി ഉക്രയ്ന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി.