വളരെ പരുക്കനായി പെരുമാറുന്നവരാണ് പൊലീസുകാര്‍ എന്നാണ് പൊതുവെയുള്ള ധാരണ. പല സിനിമകളും ഇതേ രീതിയിലാണ് പൊലീസുകാരെ ചിത്രീകരിക്കുന്നതും. എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുന്നത്.
തെരുവില്‍ കഴിയുന്ന ഒരു ബാലനെ സഹായിക്കുന്ന പൊലീസുകാരന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അഭയ് ഗിരി എന്നയാളാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തെരുവിൽ കഴിയുന്ന കുട്ടിയ്ക്ക് പൊലീസുകാരന്‍ കുടിക്കാന്‍ വെള്ളം കൊടുക്കുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. വെള്ളം കുടിച്ചശേഷം കുട്ടിയെ ഞെട്ടിച്ച് കൊണ്ട് മറ്റൊരു സമ്മാനവും പൊലീസുദ്യോഗസ്ഥന്‍ നല്‍കുന്നത് കാണാം. നീല നിറത്തിലുള്ള രണ്ട് ചെരിപ്പുകളാണ് ഇദ്ദേഹം ആ കുട്ടിയ്ക്ക് നല്‍കിയത്. ഒപ്പം അവന് ധരിക്കാന്‍ പുതിയ വസ്ത്രങ്ങളും ഇദ്ദേഹം നല്‍കി.
ഇതെല്ലാം കണ്ട് വളരെ സന്തോഷത്തോടെ നില്‍ക്കുകയാണ് ആ ബാലന്‍. ചെറു പുഞ്ചിരിയോടെ അവന്‍ പൊലീസുകാരന്റെ കാലില്‍ തൊട്ടു വന്ദിക്കാനായി ശ്രമിക്കുന്നുമുണ്ട്.
നീല നിറത്തിലുള്ള ഷര്‍ട്ടും പാന്റ്‌സും ആണ് പൊലീസുകാരന്‍ ആ കുട്ടിയ്ക്ക് സമ്മാനിച്ചത്. വളരെയധികം സന്തോഷത്തോടെ നില്‍ക്കുന്ന കുട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്. ”ഹൃദയം കീഴടക്കിയ ചിരിയാണിത്” എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്. പൊലീസുകാരന്റെ ഈ പുണ്യപ്രവര്‍ത്തിയെ പലരും അഭിനന്ദിക്കുകയും ചെയ്തു.
” മികച്ച പ്രവര്‍ത്തനമാണ് സര്‍,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. നിങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.
” ഹൃദയം നിറഞ്ഞ സല്യൂട്ട് സര്‍. നിങ്ങളുടെ ഈ പ്രവര്‍ത്തിയില്‍ അഭിമാനം തോന്നുന്നു. എല്ലാ പൊലീസുകാരും ഇതേ രീതിയില്‍ പ്രവര്‍ത്തിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു,” എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്. ഏകദേശം മൂന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ ഏറ്റെടുത്ത് രംഗത്തെത്തിയത്.