തിരുവനന്തപുരം: NCERT ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിലെ സിലബസിൽ പഠിപ്പിക്കാൻ തീരുമാനം. മുഗൾ ചരിത്രം, ഗുജറാത്ത് കലാപം അടക്കം ഒഴിവാക്കിയ ഭാഗങ്ങൾ സംസ്ഥാനത്ത് പഠിപ്പിക്കും. ഇതിനായി SCERT സപ്ലിമെന്ററി പാഠപുസ്തകം അച്ചടിച്ചു പുറത്തിറക്കും.
ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ചരിത്ര ഭാഗങ്ങൾ പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയ കേന്ദ്ര നടപടിക്കെതിരെ കരിക്കുലം കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനമുയർന്നിരുന്നു.
മുഗൾ ചരിത്രം, ഗാന്ധിവധം, മൗലാനാ അബ്ദുൾകലാമിനെക്കുറിച്ചുള്ള പരാമർശങ്ങൾ, ആർഎസ്എസ് നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയ വിഷയങ്ങൾ സാമൂഹിക പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നാലെ പത്താം ക്ലാസിലെ സയൻസ് പാഠപുസ്തകത്തിൽ നിന്ന് പരിണാമ സിദ്ധാന്തവും ഒഴിവാക്കി.
12-ാം ക്ലാസ് ചരിത്രപുസ്തകത്തിലെ ‘തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി’ രണ്ടാം ഭാഗത്തിലെ മുഗള്‍ സാമ്രാജ്യത്തെ കുറിച്ചുള്ള പാഠഭാഗമാണ് ഒഴിവാക്കിയത്. 10,11 ക്ലാസുകളിലെ പുസ്തകങ്ങളിലും മാറ്റം വരുത്തി.
ഹിന്ദി പാഠപുസ്തകത്തിൽ നിന്ന് ചില കവിതകളും ഒഴിവാക്കിയിട്ടുണ്ട്. 12–ാം ക്ലാസിലെ സിവിക്സ് പുസ്തകവും പരിഷ്കരിച്ചു. ‘അമേരിക്കൻ ഹെജിമണി ഇൻ വേൾഡ് പൊളിറ്റിക്സ്’, ‘എറ ഓഫ് വൺ പാർട്ടി ഡോമിനൻസ്’ എന്നീ അധ്യായങ്ങളാണ് സിവിക്സിലെ ‘ഇന്ത്യൻ പൊളിറ്റിക്സ് ആഫ്റ്റർ ഇൻഡിപെൻഡൻസ്’ പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയത്.