മെഡിക്കല്‍ കോളജ്: കനാലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തിരുമല മങ്കാട്ടുകടവ് തകിടിയില്‍ 2-സി യില്‍ എം.സി അരുണ്‍ (35) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് ഒരു ഓട്ടോറിക്ഷയില്‍ കാട്ടാക്കട ഭാഗത്തേക്കുപോയ അരുണ്‍ നെയ്യാറ്റിന്‍കര-പാറശാല ഭാഗത്തേക്ക് ഒഴുകുന്ന കനാലില്‍ കുളിക്കാനിറങ്ങിയതായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം ആണ് അരുണ്‍ എത്തിയത്. ഇതില്‍ അരുണിനൊപ്പം ഒരാള്‍കൂടി കുളിക്കുന്നതിനു വേണ്ടി കനാലിലേക്ക് ഇറങ്ങി. ഇതിനിടെയാണ് കനാലിലെ ഒഴുക്കില്‍പ്പെട്ട് അരുണിനെ കാണാതായത്. ഒപ്പമുണ്ടായിരുന്നവര്‍ അറിയിച്ച് നാട്ടുകാര്‍ എത്തി അരുണിനെ പുറത്തെടുത്ത് സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിച്ചു. മഹീന്ദ്ര ഫിനാന്‍സിലെ ജീവനക്കാരനായിരുന്നു അരുണ്‍. പരേതനായ മോഹനകുമാരന്‍ നായര്‍-ചന്ദ്രിക ദേവി ദമ്ബതികളുടെ മകനാണ്.