ഇതിഹാസ ക്രിക്കറ്റ് താരം സലിം ദുറാനി (88) അന്തരിച്ചു. ഗുജറാത്തിലെ ജാംനഗറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഇളയ സഹോദരനൊപ്പമായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
സലിം ദുറാനിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയും അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. ക്രിക്കറ്റ് രംഗത്ത് നിന്ന് ആദ്യ അർജുന അവാർഡ് നേടിയ വ്യക്തിയാണ് സലിം ദുറാനി.
1934 ഡിസംബർ 11-ന് അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇടം കയ്യൻ ബാറ്റ്സ്മാൻ ആയിരുന്ന അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്ത്, മഹാരാഷ്ട്ര, സൗരാഷ്ട്ര എന്നീ ടീമുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്.
1960 മുതൽ 1970 വരെ 19 ടെസ്റ്റുകൾ അദ്ദേഹം കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം. ബ്രാബോൺ സ്റ്റേഡിയത്തിൽ അരങ്ങേറ്റം കുറിച്ച് ദുറാനിയുടെ അവസാന ടെസ്റ്റ് മത്സരവും ഇതേ വേദിയിൽ ഇംഗ്ലണ്ടിനെതിരെ 13 വർഷങ്ങൾക്കു ശേഷമായിരുന്നു.
ഇന്ത്യക്കായി കളിച്ച 50 ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറികളും താരം നേടി. ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ബോളിവുഡിലും ദുറാനി സാന്നിധ്യം അറിയിച്ചിരുന്നു. 1973 ൽ ചരിത്ര എന്ന സിനിമയിൽ പർവീൺ ബാബിക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സിനിമ അരങ്ങേറ്റം.