തൃശൂര്‍: 18 മാസം കളക്ടറായി സേവനം അനുഷ്ഠിച്ച് ആലപ്പുഴയിലേക്ക് സ്ഥലംമാറിപ്പോകുന്ന ഹരിത വി. കുമാറിന്റെ പടിയിറക്കം വികാരനിര്‍ഭരം.
ഒമ്ബതരയോടെ പതിവുപോലെ ഓഫീസിലെത്തിയ ഹരിത, പുതിയ കളക്ടര്‍ക്ക് സ്ഥാനമേല്‍ക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്തുതീര്‍ത്തു.
ഈ സമയം സബ് കളക്ടറും അസി. കളക്ടറും ആര്‍.ഡി.ഒയുമെല്ലാം ഓഫീസില്‍ എത്തുന്നുണ്ടായിരുന്നു. അവരോടെല്ലാം സ്നേഹത്തോടെയുള്ള യാത്രപറച്ചില്‍. പുതിയ കളക്ടര്‍ കൃഷ്ണതേജയും ഇതിനിടെയെത്തി, കൂടെ അദ്ദേഹത്തിന്റെ ഭാര്യയും മകനും.
വര്‍ഷങ്ങള്‍ക്ക് മുമ്ബ് തൃശൂരില്‍ ഹരിത വി. കുമാര്‍ സബ് കളക്ടറായിരിക്കെ അസിസ്റ്റന്റ് കളക്ടറായിരുന്ന കൃഷ്ണതേജയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. പുതിയ ദൗത്യത്തിലെത്തിയ കൃഷ്ണയ്ക്ക് ആശംസകള്‍ നേര്‍ന്ന് ബൊക്കെ കൈമാറി കളക്ടറുടെ കസേരയിലിരുത്തി. ഹരിതയും തൊട്ടടുത്തിരുന്നു.
കസേരയ്ക്ക് ചുറ്റും സഹപ്രവര്‍ത്തകരുടെ എണ്ണം കൂടിവന്നു. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായതോടെ കൈയ്യിലെ ഹാന്‍ഡ് ബാഗ് തോളിലിട്ട് ഹരിത എഴുന്നേറ്റു. ഇതോടെ കൈകൊടുക്കാന്‍ തിക്കും തിരക്കുമായി. അടുത്തേക്ക് ഓടിയെത്തിയ പാര്‍ട്ട് ടൈം സ്വീപ്പര്‍ കല്യാണിച്ചേച്ചിയെയും ചേര്‍ത്ത് പിടിച്ച് യാത്ര പറഞ്ഞു.
ഇനിയും അധികം നിന്നാല്‍ കരച്ചില്‍ വരുമെന്ന് പറഞ്ഞായിരുന്നു തൃശൂരിന് പ്രിയങ്കരിയായി മാറിയ കളക്ടറുടെ പടിയിറക്കം. പുറത്തുകടന്നപ്പോള്‍ ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ ഉപഹാരം നല്‍കാനായി കാത്തുനില്‍ക്കുന്നു. ഒടുവില്‍ ഉപഹാരവും സ്വീകരിച്ച് മടക്കം.