ഇന്നു ലോക അങ്ങാടിക്കുരുവി ദിനം. അങ്ങാടിക്കുരുവികള്‍ അതിവേഗം വംശനാശം നേരിട്ട്കൊണ്ടിരിക്കുമ്പോള്‍ അവയെ മനുഷ്യരുമായി ചേര്‍ത്ത് പിടിക്കാന്‍ ആഹ്വാനം ചെയ്യുന്ന ദിനം കൂടിയാണിത്. നഗരങ്ങളിലെ തിരക്കുള്ള മാര്‍ക്കറ്റുകള്‍ക്ക് ചുറ്റിലുമാണ് അങ്ങാടിക്കുരുവികളെ കണ്ടുവരുന്നത്. മാര്‍ക്കറ്റിന്റെ ഐശ്വര്യമെന്നു വരെ ഈ പക്ഷികളെ വിശേഷിപ്പിക്കാറുമുണ്ട്. ആവാസവ്യവസ്ഥിതിയില്‍ വന്നുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ മാറ്റങ്ങളാണ് അങ്ങാടിക്കുരുവികളെ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമാക്കിക്കൊണ്ടിരിക്കുന്നത്. വിവിധ സര്‍വേ ഫലങ്ങളാണ് ഇവ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് വിളിച്ച് പറയുന്നത്.
മനുഷ്യനുമായി ഏറ്റവും അടുത്തിടപഴകുന്ന പക്ഷികളാണ് അങ്ങാടിക്കുരുവികള്‍. അവയെ സംരക്ഷിക്കാന്‍ നടപടികള്‍ ഉണ്ടെങ്കിലും അതൊന്നും ഫലപ്രദമാകാത്ത അവസ്ഥയിലാണ്. 2011 മുതലാണ് മാര്‍ച്ച് 20 ലോക അങ്ങാടിക്കുരുവി ദിനമായി ആചരിക്കുന്നത്. ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻസ് ഓഫ് ബേർഡ്സ്, നേച്ചർ ഫോർ എവർ സൊസൈറ്റി എന്നീ സംഘടനകളാണ് അങ്ങാടിക്കുരുവികളുടെ സംരക്ഷണം ഏറ്റെടുത്തു നടത്തുന്നത്.
തിരുവനന്തപുരത്ത് റൈറ്റേഴ്സ് ആന്റ് നേച്ചര്‍ ലവേഴ്സ് ഫോറം അങ്ങാടിക്കുരുവി സംരക്ഷണത്തിനു വര്‍ഷങ്ങളായി മുന്നിലുണ്ട്. മാധ്യമ പ്രവര്‍ത്തകനായ സി.റഹീമാണ് തിരുവനന്തപുരത്ത് അങ്ങാടിക്കുരുവികളെ സംരക്ഷിക്കുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ടത്. ഒരു ഡോക്യുമെന്ററി ഞാന്‍ ആദ്യം തന്നെ എടുത്തിരുന്നു. അപ്പോഴാണ് ഇവയെ സംരക്ഷിക്കേണ്ട ആവശ്യകത മനസിലാക്കുന്നത്. ഇപ്പോള്‍ വനംവകുപ്പും റൈറ്റേഴ്സ് ആന്റ് നേച്ചര്‍ ലവേഴ്സ് ഫോറവും അങ്ങാടിക്കുരുവി സംരക്ഷണത്തിനായി രംഗത്തുണ്ട്. അങ്ങാടിക്കുരുവികളുടെ നാശത്തിനു പലവിധ കാരണങ്ങളുണ്ട്. ഭക്ഷ്യധാന്യത്തിലെ വിഷബാധ മുതല്‍ മൊബൈല്‍ ടവര്‍ റേഡിയേഷന്‍ വരെ കുരുവികളുടെ നാശത്തിനു കാരണമാകുന്നു-റഹീം ചൂണ്ടിക്കാട്ടുന്നു.
അങ്ങാടിക്കുരുവികളുടെ സംരക്ഷണത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനം പോലുള്ള പ്രശ്നങ്ങള്‍ മുന്നില്‍ ഉള്ളപ്പോള്‍ പ്രത്യേകിച്ചും. അങ്ങാടിക്കുരുവി പോലുള്ള ദുര്‍ബല ജീവജാലങ്ങള്‍ വലിയ ഭീഷണിയാണ് നേരിടുന്നത്. അങ്ങാടിക്കുരുവിയെ മുന്‍നിര്‍ത്തി കുരുവികളുടെ സംരക്ഷണത്തിനു ഊന്നല്‍ നല്‍കണം. കേരളത്തില്‍ ഒരു പരിധിവരെ വിജയിച്ച പരിപാടിയാണ് അങ്ങാടിക്കുരുവി സംരക്ഷണം. 2011 മാര്‍ച്ച് മുതലാണ് അങ്ങാടിക്കുരുവി സംരക്ഷണം ദിനം ആചരിക്കുന്നത്. 2011 മുതല്‍ തിരുവനന്തപുരത്ത് റൈറ്റേഴ്സ് ആന്റ് നേച്ചര്‍ ലവേഴ്സ് ഫോറം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.