തിരുവനന്തപുരം: കണ്ണൂരിലെ വൈദീകം ആയുർവേദ റിസോർട്ടുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഇ പി ജയരാജന്റെ കുടുംബം. ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണും ഓഹരികൾ കൈമാറ്റം ചെയ്യും. ഷെയറും വായ്പയും ഉൾപ്പടെ ഒരു കോടിയിലധികം രൂപയാണ് ഇവർക്ക് വൈദേകം റിസോർട്ടിൽ ഓഹരിയായി ഉള്ളത്.
ഇരുവര്‍ക്കുമായി 91.99 ഓഹരികളാണുളളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തമുണ്ട്. ‘വിവാദങ്ങളുടെ അടിസ്ഥാനത്തിൽ റിസോർട്ടിൽ നിന്ന് കുടുംബം പിന്മാറുകയാണ്. വിവാദം ഉണ്ടാക്കി മുന്നോട്ട് പോകാൻ താത്പര്യമില്ല. നല്ല സംരംഭം എന്ന നിലക്കാണ് നിക്ഷേപം നടത്തിയത്’ ഇപി ജയരാജൻ പ്രതികരിച്ചു.
പാർട്ടിയിൽ ഉയർന്ന പരാതിയും തുടർന്നുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം. പി ജയരാജൻ ആയുർവേദ റിസോർട്ടിനെക്കുറിച്ച് സിപിഎം സംസ്ഥാന സമിതിയിൽ ഉന്നയിച്ചതോടെയാണ് ഈ വിഷയം വിവാദമായത്. ഈ മാസം രണ്ടിന് റിസോർട്ടിൽ ആദായ നികുതി പരിശോധന നടന്നിരുന്നു.
ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് പരിശോധന നടന്നത്. ഇതേ റിസോർട്ടിനെതിരെ ഇ.ഡിയും അന്വേഷണം നടത്തുന്നുണ്ട്. ഇ ഡി കൊച്ചി യുണിറ്റാണ് റിസോർട്ടിനെതിരെ പ്രാഥമിക അന്വേഷണം നടത്തുന്നത്.
കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതി. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിലുണ്ട്. ഒന്നര കോടി രൂപ നിലഷേപിച്ചവർ വരെ ഈ പട്ടികയിലുണ്ട്.