ഉസ്‌ബെക്കിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കഫ് സിറപ്പ് നിര്‍മ്മാതാക്കളായ മാരിയോണ്‍ ബയോടെക് ഫാര്‍മസ്യൂട്ടിക്കലിലെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്തു. മായം കലര്‍ന്ന മരുന്ന് ഉല്‍പ്പാദിപ്പിക്കുകയും വില്‍പന നടത്തുകയും ചെയ്തുവെന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മാരിയോണ്‍ ബയോടെക്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇന്ത്യന്‍ ചുമ സിറപ്പ് കഴിച്ച് രാജ്യത്ത് 18 കുട്ടികളെങ്കിലും മരിച്ചിട്ടുണ്ടെന്ന് ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം ആരോപിച്ചത്. സിറപ്പുകളുടെ പരിശോധനയില്‍ വിഷ പദാര്‍ത്ഥമായ ‘എഥിലീന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം’ കണ്ടെത്തിയതായും കുട്ടികള്‍ക്ക് വേണ്ടി ഉള്ളതിനേക്കാള്‍ ഉയര്‍ന്ന അളവിലാണ് എഥിലീന്‍ ഗ്ലൈക്കോള്‍ നല്‍കിയതെന്നും മന്ത്രാലയം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കഫ് സിറപ്പിന്റെ നിര്‍മ്മാണ കേന്ദ്രം പരിശോധിക്കുകയും പ്ലാന്റില്‍ നിന്ന് ഡോക്ക്-1 മാക്‌സ് കഫ് സിറപ്പ് സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഈ സാമ്പിളുകള്‍ ചണ്ഡീഗഡിലെ റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു.
മാരിയോണ്‍ ബയോടെക്കിന്റെ രണ്ട് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാഴാഴ്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു. കമ്പനിയുടെ ഡയറക്ടര്‍മാര്‍ ഒളിവിലാണെന്നും ഇവരെ പിടികൂടാന്‍ തിരച്ചില്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഹെഡ് ഓപ്പറേഷന്‍, തുഹിന്‍ ഭട്ടാചാര്യ, മാനുഫാക്ചറിംഗ് കെമിസ്റ്റ് അതുല്‍ റാവത്ത്, അനലിറ്റിക്കല്‍ കെമിസ്റ്റായ മൂല്‍ സിംഗ് എന്നിവരാണ് അറസ്റ്റിലായതെന്ന് നോയിഡ ഫേസ് 3 പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് വിജയ് കുമാര്‍ പറഞ്ഞു. കമ്പനിയുടെ ഡയറക്ടര്‍മാരായ ജയ ജെയിന്‍, സച്ചിന്‍ ജെയിന്‍ എന്നിവരാണ് ഒളിവിലുളളത്. കേസില്‍ സമഗ്രമായ നിയമ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര, ഉത്തര്‍പ്രദേശ് ഡ്രഗ് അതോറിറ്റികള്‍ മാരിയോണ്‍ ബയോടെക് ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അവയില്‍ 22 എണ്ണം നിലവാരമില്ലാത്തതും മായം കലര്‍ന്നതുമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ മരുന്നുകളുടെ വില്‍പ്പനയും വിതരണവും നിര്‍ത്തണമെന്ന് ഡഗ്സ് ഇന്‍സ്‌പെക്ടര്‍ മരിയോണ്‍ ബയോടെക്കിനോട് ആവശ്യപ്പെട്ടു.