തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് പൂര്‍ത്തിയാകണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കടുപ്പിച്ചാല്‍ സംസ്ഥാനത്തെ സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി.
അഞ്ച് വയസ്സായാല്‍ ഒന്നാം ക്ലാസ് പ്രവേശനം നല്‍കുന്നതാണ് സംസ്ഥാനത്തെ രീതി. ആറ് വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ ഇതിനകം സ്കൂളുകളില്‍ എത്തിയിട്ടുണ്ട്.
കഴിഞ്ഞ ജൂണിന് മുമ്ബ് സ്കൂള്‍ പ്രവേശനം തുടങ്ങുന്ന സന്ദര്‍ഭത്തിലും സമാന നിര്‍ദേശം കേന്ദ്രം നല്‍കിയിരുന്നു. സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങള്‍ ഇതുപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് നിര്‍ബന്ധമാക്കി. സംസ്ഥാന സിലബസിലുള്ള സ്കൂളുകളും സി.ബി.എസ്.ഇ സിലബസിലുള്ള സ്കൂളുകളും സ്കൂള്‍ പ്രവേശനം അഞ്ച് വയസ്സില്‍തന്നെ നടത്തി.
ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച് സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ ഘടന നിലവിലെ 10+2 പാറ്റേണ്‍ 5+3+3+4 എന്ന രീതിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ല. പുതിയ പാറ്റേണ്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സ് പൂര്‍ത്തിയായശേഷമേ നടത്താവൂ എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയത്. ഇത് നിര്‍ബന്ധിതമായാല്‍ ഒരു വര്‍ഷം കേരളത്തില്‍ ഒന്നാം ക്ലാസില്‍ കുട്ടികളില്ലാത്ത സാഹചര്യമുണ്ടാകും. സംസ്ഥാനത്തെ സ്കൂളുകളില്‍ ആറ് വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ ഒന്നാം ക്ലാസ് പൂര്‍ത്തിയാക്കി രണ്ടാം ക്ലാസിലേക്ക് കയറ്റം ലഭിക്കുന്നവരാണ്. മൂന്നേകാല്‍ ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാന സിലബസിലുള്ള സ്കൂളുകളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്നത്.
വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കിയപ്പോഴും ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് എന്ന നിബന്ധന കേന്ദ്രം മുന്നോട്ടുവെച്ചിരുന്നു. അന്ന് കേരളത്തിലെ സാഹചര്യം വിശദീകരിച്ച് ഇളവ് തേടി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കുകയായിരുന്നു. പുതിയ വിദ്യാഭ്യാസനയത്തിന്‍റെ ഭാഗമായി കേന്ദ്രം നിര്‍ദേശം ആവര്‍ത്തിക്കുന്നത് നടപ്പാക്കിയില്ലെങ്കില്‍ കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ദേശീയ വിദ്യാഭ്യാസനയത്തിനനുസൃതമായി കൊണ്ടുവരുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ഭാവിയില്‍ സമഗ്ര ശിക്ഷ അഭിയാന്‍ ഉള്‍പ്പെടെയുള്ള സ്കൂള്‍ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് ഫണ്ട് വിഹിതം നിശ്ചയിക്കുക.