കല്‍പ്പറ്റ > താമരശേരി ചുരം മനോഹരമാണ്, അതിലൂടെയുള്ള യാത്രയും. എന്നാല്‍, പതിവായുള്ള വാഹനത്തിരക്കും അടര്‍ന്ന് വീഴാറായ പാറക്കല്ലുകളും മറിഞ്ഞുവീഴാറായ മരങ്ങളും ചുരം യാത്ര ദുഷ്കരമാക്കുകയാണ്.
അടിവാരം മുതല്‍ വ്യൂ പോയിന്റ് വരെ റോഡില്‍ എവിടെയും കുഴിയില്ല. എന്നിട്ടും പലപ്പോഴും പാതയില്‍ കുരുക്ക് പതിവ്. റിപ്പബ്ലിക് ദിനത്തില്‍ വിവിധ സംഘടനകളും എന്‍ജിഒകളും ചേര്‍ന്ന് പ്ലാസ്റ്റിക് ഉള്‍പ്പെടെ നീക്കിയതിനാല്‍ ക്ലീന്‍ ആണ്.
ചുരം പൂര്‍ണമായി കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലാണ്. എന്നാല്‍, യാത്രാദുരിതം പൂര്‍ണമായി വയനാട്ടുകാര്‍ക്കാണ്. കഴിഞ്ഞ ക്രിസ്മസ് തലേന്ന് രാവിലെ ഏഴ് മുതല്‍ പകല്‍ 12 വരെ അഞ്ച് മണിക്കൂറാണ് ചുരം കുരുക്കില്‍ കുടുങ്ങിയത്. കാറിലും ബസ്സിലും എത്തിയ സ്ത്രീകള്‍ അടക്കമുള്ളവര്‍ വിയര്‍ത്തുകുളിച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെ സര്‍വരും വലഞ്ഞു. പിന്നീട് പലതവണ രാത്രിയും പകലുമായി ഗതാഗതം മുടങ്ങി. ആറു മുതല്‍ ഒമ്ബതുവരെയുള്ള വളവുകളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. ഈ വളവുകളില്‍ ഒരേസമയം രണ്ട് വലിയ വാഹനങ്ങള്‍ക്ക് കടക്കാനാവില്ല. 12 കിലോമീറ്റര്‍ ചുരം താണ്ടാന്‍ മിക്കപ്പോഴും ഒരു മണിക്കൂറിലധികം വേണം.
എട്ട്, ഒമ്ബത് വളവുകള്‍ക്കിടയില്‍ റോഡിനാവട്ടെ വീതി വളരെ കുറവാണ്. ഒമ്ബതാംവളവിന്റെ തൊട്ടുതാഴെയുള്ള ഭാഗമാണ് ഏറ്റവും ഇടുങ്ങിയത്. ഇവിടെ മുകള്‍ഭാഗം പാറയും താഴെ വലിയ കൊക്കയുമായതിനാല്‍ ഒരുതരത്തിലും വീതി കൂട്ടാനാവില്ല. കുന്നിന്‍മുകളില്‍നിന്ന് മഴക്കാലത്ത് കല്ലും മണ്ണും ഒലിച്ചിറങ്ങി ഓവുചാലുകള്‍ നിറയുന്നതാണ് മറ്റൊരു പ്രശ്നം. മഴക്കാലത്തിന് മുമ്ബ് ഇവ നീക്കാറുണ്ടെങ്കിലും സ്ലാബ് ഇല്ലാതെ തുറന്ന് കിടക്കുന്നതിനാല്‍ കാറുകളും, ഇരുചക്ര വാഹനങ്ങളും വീഴുന്നത് പതിവ്.
കോഴിക്കോട് ഈങ്ങാപ്പുഴ മുതല്‍ മുത്തങ്ങവരെയുള്ള റോഡ് നവീകരണത്തിലാണ് ഇനിയുള്ള പ്രതീക്ഷ. താമരശേരി ചുരം ഉള്‍പ്പെടെ വീതികൂട്ടി നവീകരിക്കാനാണ് പദ്ധതി. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി മുതല്‍ വയനാട്ടിലെ മുത്തങ്ങവരെയുള്ള 77 കിലോമീറ്ററിലാണ് നവീകരണം. ഇതില്‍ ചുരം ഉള്‍പ്പെടുന്ന ഭാഗത്ത് വനഭൂമി ഏറ്റെടുക്കണം. ഇതിന് വനംവകുപ്പ് ഉടന്‍ അനുമതി നല്‍കും. അനുമതി ലഭിച്ചാലുടന്‍ സ്ഥലം ഏറ്റെടുത്ത് വീതികൂട്ടേണ്ട ഭാഗത്തുള്ള മരങ്ങള്‍ മുറിച്ചുമാറ്റും.
സ്ഥലം അളന്നു തിട്ടപ്പെടുത്തി മുറിച്ചുമാറ്റേണ്ട മരങ്ങള്‍ നേരത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ആനക്കാംപൊയില്‍–മേപ്പാടി കള്ളാടി തുരങ്കപാത യാഥാര്‍ഥ്യമായാല്‍ ചുരത്തിലെ തിരക്ക് കുറയ്ക്കാനാവും. നോര്‍വീജിയന്‍ സാങ്കേതിക സഹായത്തോടെ തുരങ്കപാത യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. നാലാംവളവില്‍നിന്ന് അടിവാരത്തേക്ക് ബൈപാസ് നിലവിലുണ്ട്. കുത്തനെയുള്ള കയറ്റങ്ങളും വീതികുറവും കാരണം വലിയ ഭാരവാഹനങ്ങള്‍ക്ക് ഇതുവഴി പോകാനാവില്ല. ഈ റോഡ് വീതികൂട്ടി കയറ്റം കുറച്ചാല്‍ കുറേ വാഹനങ്ങള്‍ ഇതുവഴി വിടാം.