പുതു തലമുറയെ ബന്ധങ്ങളുടെ മൂല്യത്തെക്കുറിച്ചും കൂട്ടുകുടുംബത്തിന്റെ മഹത്വത്തെക്കുറിച്ചും ബോധ്യപ്പെടുത്തുന്നതിനായി വ്യത്യസ്തമായൊരു മാർഗവുമായി തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ ഒരു സ്കൂൾ. അടുത്തുള്ള വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം വിജയ് ചിത്രമായ ‘വാരിസ്’ (Varisu) സിനിമ കാണുകയെന്ന പുത്തൻ അനുഭവമാണ് വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജ്മെന്റ് നൽകിയത്. മയിലാടുതുറൈയിലെ സ്വകാര്യ സ്‌കൂളായ യൂറോകിഡ്‌സ് ആണ് ഈ വ്യത്യസ്തമായ ആശയവുമായി രംഗത്തെത്തിയത്.
ഈ വർഷം പൊങ്കൽ റിലീസായാണ് വിജയുടെ 66-ാമത് സിനിമയായ ‘വാരിസ്’ തിയേറ്ററുകളിലെത്തിയത്. കുടുംബ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സിനിമയാണ് ‘വാരിസ്’ എന്നും ഇന്നത്തെ തലമുറയിലെ ഭൂരിപക്ഷം കുട്ടികൾക്കും കൂട്ടുകുടുംബം എന്താണെന്നതിനെക്കുറിച്ച് യാതൊരു ധാരണയും ഇല്ലെന്നും സ്കൂൾ മാനേജ്മെന്റ് പറയുന്നു. സിനിമയിൽ ബന്ധങ്ങളുടെ മൂല്യവും കൂട്ടുകുടുംബത്തിന്റെ മഹത്വവുമൊക്കെ വിശദീകരിക്കുന്നുണ്ടെന്നും സ്കൂൾ അധികൃതർ കൂട്ടിച്ചേർത്തു.
സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന വൃദ്ധസദനത്തിൽ കഴിയുന്ന പതിനഞ്ചിലധികം അന്തേവാസികൾക്കൊപ്പമാണ് വിദ്യാർത്ഥികൾ സിനിമ കണ്ടത്. സ്‌കൂളിലെ 4, 5 ക്ലാസുകളിലെ 60 വിദ്യാർഥികളെയാണ് ‘വാരിസ്’ സിനിമ തിയേറ്ററിൽ കാണാൻ കൊണ്ടുവന്നത്. ഏകദേശം 15 വർഷത്തിന് ശേഷമാണ് തങ്ങൾ ഒരു സിനിമ കണ്ടതെന്ന് വൃദ്ധസദനത്തിലെ പലരും നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.