സൂപ്പർസ്റ്റാർ രജനീകാന്തും മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലും ഒന്നിക്കുന്നു. നെൽസൺ ചിത്രം ജയിലറിലാണ് ഇരുവരും ഒന്നിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ്. പ്രിയതാരങ്ങളെ ഒന്നിച്ച് സ്ക്രീനിൽ കാണാനാകും എന്നതിന്റെ ത്രില്ലിലാണ് ആരാധകർ.
കാമിയോ വേഷമായിരിക്കും മോഹൻലാലിന്റേത് എന്നാണ് പുറത്തുവരുന്ന സൂചനകൾ. മോഹൻലാലും രജിനികാന്തും ഒരുമിക്കുന്ന ആദ്യ ചിത്രമാവും ജയിലർ. കന്നഡയിലെ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ, ജയിലറിൽ നിർണായകവേഷത്തിലുണ്ട്.
2022 ഡിസംബറിൽ പുറത്തുവന്ന ജയിലറിന്റെ ടീസറിന് വൻ വരവേല്പാണ് ലഭിച്ചത്. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജിനികാന്തിന്. ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ നെൽസന്റേത് തന്നെയാണ്. തമന്നയാണ് നായിക. അനിരുദ്ധ് ആണ് സംഗീത സംവിധാനം. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം ഈ വർഷം ഏപ്രിൽ 14-ന് തിയേറ്ററുകളിലെത്തും.