പിണറായി നരേന്ദ്ര മോദിയ്ക്ക് കൃഷ്ണവേഷം സമ്മാനിച്ചു; മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

0
63

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. രാവിലെ 10:30 ന്  ന്യൂഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ് ഭീഷണി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു.

കോവിഡ് പ്രതിരോധിക്കുന്നതിന് കേരളം നടത്തി വരുന്ന മുന്നൊരുക്കങ്ങളും പരാമര്‍ശ വിഷയമായി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും.  കൂടാതെ കെ റെയിൽ പദ്ധതിക്കുള്ള അന്തിമ അനുമതി, സാമ്പത്തിക ഞെരുക്കം നേരിടുന്ന സംസ്ഥാനത്തെ സഹായിക്കാൻ വായ്പാ പരിധി ഉയർത്തണം തുടങ്ങിയ ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചതായാണ് വിവരം.

കേരളത്തില്‍ ദേശീയ പാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകളും പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. ജല്‍ ജീവന്‍ മിഷനും വിവിധ നാഷണല്‍ ഹൈവേ പദ്ധതികളും ഇതര പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു. ഇരുവരും പരസ്പരം നവവത്സരാശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ച് ആശംസ അറിയിച്ചു.

സംസ്ഥാനത്തിന്റെ മറ്റ് വികസന വിഷയങ്ങളും ചർച്ച ചെയ്തു. കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറി വി പി ജോയിയും പങ്കെടുത്തു. കഥകളിയിലെ കൃഷ്ണ വേഷം പ്രധാനമന്ത്രിക്ക് ഉപഹാരമായി നൽകി. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻകൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തിയത്. ബുധനാഴ്ചയാണ് മുഖ്യമന്ത്രി ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് മടങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here