പമ്പ> ശബരിമല തീർഥാടകർക്ക് സുഗമമായ ദർശനത്തിന് വേണ്ട സൗകര്യങ്ങളിൽ പോരായ്മകളുണ്ടെങ്കിൽ അവ ഉടനടി പരിഹരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. നിലവിൽ തന്നെ എല്ലാ സൗകര്യവും തീർത്ഥാടകർക്കായി പമ്പയിലും സന്നിധാനത്തും മറ്റും ഒരുക്കിയിട്ടു ണ്ട്.
സ്ത്രീകൾക്കും പത്ത് വയസ്സിൽ താഴെ വരുന്ന കുട്ടികൾക്കും അവരടങ്ങുന്ന സംഘത്തിനും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ സംവിധാനം ഒരുക്കും. അവിടെ വെള്ളവും ലഘുഭക്ഷണവും നൽകാനും നടപടി കൈക്കൊള്ളും. ബുധനാഴ്ച പമ്പയിൽ റവന്യൂ മന്ത്രി, തദ്ദേശ സ്വയംഭരണ മന്ത്രി, ദേവസ്വം മന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിൽ പമ്പയിൽ പ്രത്യേക യോഗം ചേർന്ന ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി കെ രാധാകൃഷ്ണൻ.
തീർഥാടകർക്ക് സുഗമമായി പതിനെട്ടാം പടി കയറുന്നതിന് കൂടുതൽ സംവിധാനമരുക്കും. ഇവിടെ കൂടുതൽ പൊലീസിനെ വേണമെങ്കിൽ അതും നിയോഗിക്കും. രണ്ടു വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ തീർഥാടകരാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒന്ന് രണ്ട് ദിവസം ഒരു ലക്ഷത്തിലധികം തീർഥാടകർ എത്തിയതിനെ തുടർന്ന് ചെറിയ തിരക്ക് ഉണ്ടായി. തുടർന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേർന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം തന്നെയാണ് പമ്പയിലും മന്ത്രിമാരുടെ സാന്നിധ്യത്തിൽ അവലോകന യോഗം ചേർന്ന് കൂടുതൽ കാര്യക്ഷമമായ പ്രവർത്തനത്തിന് രൂപം നൽകുന്നത്.
ഇതിനകം 20 ലക്ഷത്തിലധികം തീർത്ഥാടകർ ദർശനത്തിന് എത്തിക്കഴിഞ്ഞു. തീർഥാടകർക്ക് കാനനപാതിയിലും കൂടുതൽ സൗകര്യം ഒരുക്കും. ഏതെല്ലാം മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് മനസ്സിലാക്കി അപ്പപ്പോൾ വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് പരിഹാരം കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകൾ പ്രത്യേക യോഗം ചേർന്ന് അതതു മേഖലയിലെ പോരായ്മകളും പരിഹരിക്കും. വാഹനങ്ങളുടെ പാർക്കിങ്ങിന് കൂടുതൽ സ്ഥലം ഏർപ്പെടുത്തും. നിലയ്ക്കിലിലെ പാർക്കിങ് കേന്ദ്രത്തിൽ കൂടുതൽ ജീവനക്കാരെയും നിയോഗിക്കും. കെഎസ്ആർടിസി ബസുകളുടെ ഫിറ്റനസ് ഉറപ്പാക്കും. സീറ്റിങ് കപ്പാസിറ്റിയിൽ കൂടുതൽ തീർഥാടകരെ നിർത്തികൊണ്ടു പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ദീർഘ സ്ഥലങ്ങളിൽ നിന്ന് വരുന്ന കെഎസ്‍ആർടിസി ബസ്സുകൾ നിലയ്ക്കലിൽ കയറാതെ നേരെ പമ്പയിലേക്ക് വരുന്നതിനും സൗകര്യം ഒരുക്കും.