ഒമ്പത് വി.സി.മാർ തിങ്കളാഴ്ച രാവിലെ 11.ന് മുമ്പായി രാജിവെക്കണമെന്ന നിർദേശം.

0
52

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചാണ് ഇന്ന് ചേർന്ന ഇടുതുമുന്നണി യോഗം അവസാനിപ്പിച്ചത്. നവംബർ 15-ന് രാജ്ഭവനു മുന്നിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഇടതുമുന്നണിയോഗത്തിന്റെ തീരുമാനം. പ്രത്യക്ഷ സമരത്തിന് തീരുമാനമെടുത്തതിന് തൊട്ടുപിന്നാലെ ഗവർണർ തിരിച്ചടിച്ചു. സംസ്ഥാന സർവകലാശാലകളുടെ ചരിത്രത്തിൽ ഇന്നുവരെ കേട്ടുകൾവിയില്ലാത്ത നടപടി. ഒമ്പത് വി.സി.മാർ തിങ്കളാഴ്ച രാവിലെ 11.ന് മുമ്പായി രാജിവെക്കണമെന്ന നിർദേശം.

സാങ്കേതിക സർവകലാശാലാ വി.സി. നിയമനം സുപ്രീംകോടതി റദ്ദാക്കിയ നടപടി ഉയർത്തിപ്പിടിച്ചായിരുന്നു ഗവർണറുടെ അപ്രതീക്ഷിത നീക്കം.

തിങ്കളാഴ്ച വിരമിക്കുന്ന കേരളസർവകലാശാലാ വി.സി. വി.പി മഹാദേവൻപിള്ള ഉൾപ്പെടെ ഒമ്പത് വി.സിമാരോടാണ് രാജിവെക്കാൻ ഗവർണർ നിർദേശിച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധി സർവകലാശാല, കുസാറ്റ് (Cochin University of Science and Technology), കണ്ണൂർ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കോഴിക്കോട് സർവകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ സർവകലാശാലകളിലെ വിസിമാരോട് രാജിവെക്കാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

സർവകലാശാലകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം ഇടതുമുന്നണി ഗൗരവമായി ചർച്ച ചെയ്യുമെന്ന് ഇടതുനേതാക്കൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവർണറുടെ നിർദേശവും വന്നു.

ഇതോടെ ഗവർണർക്കെതിരെ ഇടതുമുന്നണി നടത്താൻ തീരുമാനിച്ച പ്രക്ഷോഭം കൂടുതൽ ശക്തമാകുമെന്നുറപ്പായി. വാക്പോരാട്ടങ്ങളും കൂടുതൽ രൂക്ഷമാകും. അതേ സമയം ഗവർണർ നിർദേശം നൽകിയിട്ടുണ്ടെങ്കിൽ വൈസ് ചാൻസലർമാർ രാജിവെക്കാനുള്ള സാധ്യതയില്ല. നിയമപരമായി നേരിടാമെന്നാണ് വി.സി.മാർക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. വേണമെങ്കിൽ പുറത്താക്കട്ടെ എന്ന നിലപാടാണ് സർക്കാരിന്. രാജിവെക്കില്ലെന്നും വേണമെങ്കിൽ പുറത്താക്കട്ടെയെന്നും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ ഗവർണറുടെ നിർദേശം കൈപ്പറ്റിയ ശേഷം പ്രതികരിച്ചു. രാജിയില്ലെങ്കിൽ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഗവർണർ വി.സി.മാരെ പുറത്താക്കിയേക്കും. അത്തരമൊരു സാഹചര്യമുണ്ടായാൽ നിയമപോരാട്ടത്തിലേക്ക് പോകും.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്തംഭനം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഗവർണറുടെ നടപടിയെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പ്രതികരിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here