ലോകമെമ്പാടും കോവിഡ് കേസുകൾ ദിനംപ്രതി കുറഞ്ഞു വരികയാണ്. എന്നാൽ മഹാമാരി തീർന്നെന്ന് കരുതേണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഓമിക്രോൺ ഉപവകഭേദമായ ബിഎ.2.75 ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതായും എന്നാൽ ഇത് ആശങ്ക പരത്തുന്ന വകഭേദമല്ലെന്നും ദക്ഷിണാഫ്രിക്കൻ ആരോഗ്യ വകുപ്പിന്റെ വക്താവ് ഫോസ്റ്റർ മൊഹാലോ അറിയിച്ചു. ജൂലൈയിൽ ഗോട്ടെങ്ങിൽ കണ്ടെത്തിയ ഈ വകഭേദം മറ്റിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദക്ഷിണാഫ്രിക്കൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ബിഎ.4, ബിഎ.5 എന്നിവ തന്നെയാണ് നിലവിൽ ദക്ഷിണാഫ്രിക്കയിൽ ഏറ്റവും പ്രബലമായ കോവിഡ് വകഭേദങ്ങൾ.
ഇന്ത്യയിൽ ഉൾപ്പെടെ പല രാജ്യങ്ങളിലും ബിഎ. 2.75 മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിൽ ജൂണിലാണ് ബിഎ.2.7 ആദ്യം കണ്ടെത്തിയത്. സെപ്റ്റംബർ 18 െല കണക്കനുസരിച്ച് 24 മണിക്കൂറിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് പുതുതായി 5664 കേസുകളാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.96 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.79 ശതമാനവുമാണ്. സജീവമായ കോവിഡ് കേസുകൾ 0.11 ശതമാനവും രോഗമുക്തി നിരക്ക് 98.71 ശകമാനവുമാണ്.