ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം പുകയവേ ഇന്ത്യ-യുഎസ് സൈനികാഭ്യാസം. ഇന്ത്യൻ നാവികസേനയും യുഎസ് നാവികസേനയുമാണ് സംയുക്ത സൈനികാഭ്യാസം നടത്തിയത്. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്ക് സമീപമായിരുന്നു സൈനികാഭ്യാസം നടന്നത്. യുഎസിന്റെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്സാണ് സൈനികാഭ്യാസത്തിൽ പങ്കെടുത്തത്.
ആൻഡമാൻ പ്രദേശത്തു നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ നാവികസേനയുടെ കപ്പൽവ്യൂഹമാണ് സൈനികാഭ്യാസത്തിൽ പങ്കെടുത്തത്. ഏതാനും ആഴ്ചകളായി ദക്ഷിണ ചൈനാ കടലിൽ നിമിറ്റ്സ് നിലയുറപ്പിച്ചിരുന്നു. അവിടെനിന്ന് ഗൾഫ് മേഖലയിലേക്കുള്ള യാത്രായ്ക്കിടെയാണ് ഇന്ത്യൻ സേനയുമായി അഭ്യാസപ്രകടനം നടത്തിയത്.