തിരുവനന്തപുരം: സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ ആക്രമണം. ശനിയാഴ്ച രാത്രിയുണ്ടായ കല്ലേറില്‍ ആനാവൂര്‍ നാഗപ്പന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ആക്രമണം നടക്കുന്ന സമയം ആനാവൂര്‍ നാഗപ്പന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.
വീടിന് മുന്നിലെ മുറിയുടെ ജനല്‍ ചില്ലുകളാണ് തകര്‍ന്നത്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സി പി ഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറിയുടെ നെയ്യാറ്റിന്‍കരയിലെ വീടിന് നേരെ കല്ലേറുണ്ടായിരിക്കുന്നത്. അതേസമയം സി പി ഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മൂന്ന് എ ബി വി പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ അഞ്ച്മണിയോടെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മൂന്ന് പേരുടേയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആറ് പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തുവന്ന സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. വഞ്ചിയൂരില്‍ സംഘര്‍ഷമുണ്ടാക്കിയ സംഘമാണ് ആക്രമണം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു.