ന്യൂഡല്‍ഹി: രാജ്യം സ്വതന്ത്രമായതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വേഷത്തില്‍ ഇത്തവണയും വ്യത്യസ്തത പുലര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ സവിശേഷതകളും പാരമ്പര്യവും വിളിച്ചതോന്ന തലപ്പാവുകള്‍ തിരഞ്ഞെടുത്ത് പ്രധാനമന്ത്രി മോദി ശ്രദ്ധപിടിച്ചുപറ്റാറുണ്ട്. ഇത്തവണ വെള്ളയില്‍ ദേശീയ പതാകയിലെ മൂന്ന് വര്‍ണ്ണങ്ങള്‍ നിറഞ്ഞ തലപ്പാവാണ് പ്രധാനമന്ത്രി ധരിച്ചെത്തിയത്.
തുടര്‍ച്ചയായി ഒമ്പതാം തവണയും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചെങ്കോട്ടയില്‍ സംസാരിച്ച പ്രധാനമന്ത്രി മോദി ത്രിവര്‍ണ്ണ തലപ്പാവിനൊപ്പം വെള്ള കൂര്‍ത്തയും പൈജാമായും നേവിബ്ലൂ വെയ്സ്റ്റ്‌കോട്ടുമാണ് ധരിച്ചിരുന്നത്.
പ്രധാനമന്ത്രിയായി അധികാരമേറ്റ 2014 മുതല്‍ തുടര്‍ച്ചായി സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പ്രധാനമന്ത്രി ഇത്തരത്തില്‍ വ്യത്യസ്തവും വര്‍ണ്ണാഭവുമായ തലപ്പാവ് ധരിക്കാറുണ്ട്. കാവിയില്‍ ചുവപ്പും പിങ്കും ചേര്‍ന്ന നിറത്തിലുള്ള തലപ്പാവാണ് കഴിഞ്ഞ തവണ അദ്ദേഹം ധരിച്ചിരുന്നത്.