‘പൊന്നിയിൻ സെൽവൻ’ അനുഭവത്തെ കുറിച്ച് ജയറാം

0
92

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ'(Ponniyin Selvan). ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം (Mani Ratnam) അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമെന്നത് തന്നെയാണ് അതിന് കാരണം.  ഇപ്പോഴിതാ മണിരത്നവുമായുള്ള അഭിനായനുഭവം പങ്കുവയ്ക്കുകയാണ് ജയറാം.

ഒരു വിഷയത്തിൽ പൂർണ്ണ ഫലം ലഭിക്കുന്നത് വരെ മണിരത്നം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ജയറാം പറയുന്നു. സിനിമയുടെ പുതിയ ഗാനത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുക ആയിരുന്നു നടൻ. ചിത്രത്തിന് വേണ്ടി വലിയ വയറ് തനിക്ക് വേണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടുവെന്നും  പിന്നീട് ചിത്രീകരണ സമയത്ത് അദ്ദേഹം തന്റെ മുഖത്ത് നോക്കില്ലായിരുന്നു എന്നും ജയറാം പറയുന്നു.

ജയറാമിന്റെ വാക്കുകൾ

മണിരത്നം സർ ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ നൂറ് ശതമാനം ഫലം ലഭിക്കുന്നത് വരെ അതിൽ തന്നെയായിരിക്കും. അദ്ദേഹം എന്നെ നമ്പി എന്ന കഥാപാത്രം ചെയ്യുന്ന കാര്യം പറയുന്നതിനായി ഓഫീസിൽ വിളിച്ച് വരുത്തിയപ്പോൾ ആവശ്യപ്പെട്ടത് വലിയ വയറ് വേണമെന്നാണ്. ജയറാം ഇപ്പോൾ മെലിഞ്ഞിരിക്കുകയാണ്, നാല് മാസമുണ്ട് ഷൂട്ടിങ്ങിന്. അതിന് മുൻപ് ശരിയാക്കണം എന്ന് പറഞ്ഞു. ഞാൻ അതിനായി ഏറെ കഷ്ടപ്പെട്ടു. ഒന്നര വർഷത്തോളം ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ആ ഒന്നര വർഷവും അദ്ദേഹം എന്റെ മുഖത്ത് നോക്കിയിട്ടില്ല. രാവിലെ വന്നു വയറിന് വ്യത്യാസങ്ങൾ വന്നിട്ടുണ്ടോ എന്നാണ് നോക്കുക. ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷമാണ് അദ്ദേഹം എന്റെ മുഖത്ത് നോക്കിയത്. ഒരു കാര്യത്തിന്റെ ഫലം കിട്ടാൻ എത്ര ദൂരം വേണമെങ്കിലും അദ്ദേഹം പോകും. അതാണ് മണിരത്‌നം. സിനിമയുടെ ചിത്രീകരണ സമയത്ത് ജയം രവിയും കാർത്തിയുമെല്ലാം പതിമൂന്ന് മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ചിത്രീകരണത്തിന് ശേഷവും വ്യായാമം ചെയ്യണമായിരുന്നു. എന്നാൽ എനിക്ക് മാത്രം കഴിക്കാനായി ഭക്ഷണം മണി സാർ നൽകുമായിരുന്നു. എന്തെന്നാൽ എനിക്ക് വയർ വേണം, അവർക്ക് വയർ ഉണ്ടാകാൻ പാടില്ല. 

 

കഴിഞ്ഞ ദിവസമാണ് പൊന്നിയിൻ സെൽവന്റെ ആദ്യ ലിറിക് വീഡിയോ പുറത്തുവന്നത്.

‘പൊന്നിയിൻ സെൽവൻ-1’ 2022 സെപ്റ്റംബർ 30- ന് പ്രദർശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here