ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആളില്ലാ യുദ്ധവിമാനത്തിന്റെ കന്നി പറക്കൽ വിജയം.

0
57

ബെംഗളൂരു • ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആളില്ലാ യുദ്ധവിമാനത്തിന്റെ കന്നി പറക്കൽ വിജയം. സ്വയം പ്രേരിത പൈലറ്റില്ലാ വിമാന സാങ്കേതിക വിദ്യ ഉപയോഗിച്ച് രൂപകൽപന ചെയ്ത പരീക്ഷണ വിമാനത്തിന്റെ പറക്കലാണു വിജയകരമായി പൂർത്തിയാക്കിയത്. പൂർണമായും സ്വയംപ്രേരിതമായി പ്രവർത്തിക്കുന്ന പൈലറ്റില്ലാ വിമാനം ടേക്ക് ഓഫ്, വേ പോയിന്റ് നാവിഗേഷൻ, സുഗമമായ ടച്ച്ഡൗൺ എന്നിവ ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവച്ചു.

ഭാവിയിൽ പൈലറ്റില്ലാ വിമാനങ്ങൾ വികസിപ്പിക്കുന്നതിനായുള്ള നിർണായക സാങ്കേതികവിദ്യകൾ കൈവരിക്കുന്നതിന് ഈ പറക്കൽ നാഴികക്കല്ലാവും. പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡിആർഡിഒ) ഗവേഷണ ലബോറട്ടറിയായ ബെംഗളൂരുവിലെ എയ്റോനോട്ടിക്കൽ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആണ് പൈലറ്റില്ലാ വിമാനം രൂപകൽപന ചെയ്‌ത് വികസിപ്പിച്ചത്.

ചെറിയ ടർബോഫാൻ എൻജിനാണു വിമാനത്തിനു കരുത്ത് പകരുന്നത്. വിമാനത്തിനായി ഉപയോഗിക്കുന്ന എയർഫ്രെയിം, കീഴ്‌ഭാഗചട്ടക്കൂട്‌, ഫ്ലൈറ്റ് കൺട്രോൾ, ഏവിയോണിക്സ് സംവിധാനങ്ങൾ എന്നിവ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. സ്വയംപ്രേരിത പൈലറ്റില്ലാ വിമാനങ്ങളുടെ മേഖലയിൽ വലിയ നേട്ടമാണിതെന്നും നിർണായകമായ സൈനിക സംവിധാനങ്ങളുടെ കാര്യത്തിൽ ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യം കൈവരിക്കാൻ ഇത് വഴിയൊരുക്കുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here