പാലക്കാട്• ജില്ലയിൽ വിൽക്കുന്ന പച്ചക്കറികളിൽ കീടനാശിനിയുടെ സാന്നിധ്യം കൂടുതലുള്ളത് കറിവേപ്പില, മല്ലിയില, പുതിനയില, ചീര എന്നിവയിലാണെന്നു കണ്ടെത്തി. ജില്ലയിൽ വിൽപന നടത്തുന്ന മുളകുപൊടിയിലും കൂടുതൽ അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ട്. 138 സാംപിളുകളാണു പരിശോധിച്ചത്. ഇന്ത്യയിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി കീടനാശിനികൾക്ക് നിയമാനുസൃതമായ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു കിലോയിൽ 0.01 മില്ലി ഗ്രാം എന്നാണു കണക്ക്. തക്കാളിയിൽ പ്രൊഫെനോഫോസ് 0.05 അളവിൽ കണ്ടെത്തിയിരുന്നു.
ഇതര സംസ്ഥാനങ്ങളിൽനിന്ന് ജില്ലയിൽ എത്തിക്കുന്ന പച്ചക്കറികളിലാണ് കൂടുതലായി രാസവസ്തുക്കളുടെ സാന്നിധ്യം ഉള്ളതെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മുളക് കഴുകി ഉണക്കി പൊടിക്കാത്തതിനാൽ രാസവസ്തുക്കളുടെ അംശം പൊടിയിലെത്തും. മുളക് സൂക്ഷിക്കുന്ന ഗോഡൗണിന്റെ തറയിലും ചുമരിലും കീടനാശിനി തളിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞമാസം 8 കേസുകൾ എടുത്തിട്ടുണ്ട്. വാളയാർ ചെക്പോസ്റ്റ്, ഒറ്റപ്പാലം, നെന്മാറ, ആലത്തൂർ, തൃത്താല, ചിറ്റൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ കടകളിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.