കെ.എസ്.ആർ.ടി.സി.യിൽ ദീർഘദൂര സർവീസിനും ബജറ്റ് ടൂറിസത്തിനും കൂടുതൽ സ്വകാര്യ ടൂറിസ്റ്റ് ബസുകൾ വാടകയ്ക്കെടുക്കുന്നു. കാലാവധി കഴിഞ്ഞ 249 സൂപ്പർക്ലാസ് ബസുകൾ ഉടൻ ഒഴിവാക്കേണ്ടിവരുന്നതിനാലും ബജറ്റ് ടൂറിസത്തിനായി കൂടുതൽ ബസുകൾ മാറ്റാൻ കഴിയാത്തതിനാലുമാണിത്. കോർപ്പറേഷന് മികച്ച വരുമാനമുണ്ടാക്കുന്നത് സൂപ്പർക്ലാസ് ബസുകളാണ്. ഇപ്പോൾ ഓടുന്ന ബസുകളുടെ കാലാവധി കഴിയുന്നതോടെ ദീർഘദൂര സർവീസുകളിൽ കെ.എസ്.ആർ.ടി.സി.യുടെ സാന്നിധ്യം ഇല്ലാതാകും.
ഒരുവർഷംകൊണ്ട് പ്രതിസന്ധി ഗുരുതരമാകും. 183 കോടിയിൽ എത്തിയ ടിക്കറ്റ് വരുമാനവും ഇടിയും. കെ-സ്വിഫ്റ്റിലും സൂപ്പർക്ലാസ് ബസുകളുടെ റൂട്ടിൽ ഓടിക്കുന്നതിന് വേണ്ടത്ര ബസുകളില്ല. ഒഴിവാക്കുന്ന ബസുകൾക്കുപകരം ഓടിക്കാൻ 116 ബസുകൾ മാത്രമാണ് സ്വിഫ്റ്റിലുള്ളത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 700 ബസുകൾ വാങ്ങാൻ അനുമതിയുണ്ടെങ്കിലും സി.എൻ.ജി.-ഇലക്ട്രിക് ബസുകൾ മാത്രമാണ് വാങ്ങാനാകുക. ഈ ബസുകൾ ദീർഘദൂരയാത്രയ്ക്ക് ഉപയോഗിക്കാനാകില്ല.
കാര്യക്ഷമത കൂടിയതും വേഗത്തിൽ ഓടിക്കാനാകുന്നതും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് കോർപ്പറേഷൻ കൂടുതൽ സ്വകാര്യ ടൂറിസ്റ്റ് ബസുകൾ വാടകയ്ക്കെടുക്കുന്നത്. ബസുകൾമാത്രമാണ് കോർപ്പറേഷൻ വാടകയ്ക്കെടുക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ സുരക്ഷിതത്വം മുൻനിർത്തി സ്വകാര്യ ബസുടമകൾ ഇതിനോട് താത്പര്യംകാട്ടിയില്ല. ഇതോടെയാണ് ഡ്രൈവറുള്ള ബസുകൾ എടുക്കാൻ തീരുമാനിച്ചത്.
കോവിഡ് പ്രതിസന്ധിമൂലം ഓടിക്കാനാകാതെയിട്ടിരുന്ന ഒട്ടേറെ സ്വകാര്യ ടൂറിസ്റ്റ് ബസുകൾ കെ.എസ്.ആർ.ടി.സി.ക്കുവേണ്ടി ഓടാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒരുവർഷത്തിനുള്ളിൽ കോർപ്പറേഷനിൽനിന്ന് അനേകം ഡ്രൈവർമാർ വിരമിക്കുന്നുണ്ട്. അത് സർവീസുകൾ മുടങ്ങാൻ ഇടയാക്കുകയും ചെയ്യും. സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കുന്നതിലൂടെ ഈ പ്രശ്നത്തിനും പരിഹാരം കാണാനാകും. ജൂൺ-ജൂലായ് മാസങ്ങളിൽ ബജറ്റ് ടൂറിസത്തിനായി അധികം വാഹനങ്ങൾ വേണ്ടിവരുന്നില്ല.
ഓണമടക്കമുള്ള അവധിദിവസങ്ങളിൽ കൂടുതൽ ബസുകൾ വേണ്ടിവരും. അതിനായും സ്വകാര്യബസുകൾ ഉപയോഗപ്പെടുത്തും. വാടക ബസുകൾ ഓടിക്കാനുള്ള മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ സി.ഐ.ടി.യു. രംഗത്തുണ്ട്. ഒരു സ്വകാര്യ ടൂറിസ്റ്റ് ബസ് പോലും ഡിപ്പോകളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും കോർപ്പറേഷനെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ചെറുക്കുമെന്നുമാണ് സംഘടനയുടെ നിലപാട്.