കൊച്ചി: ലക്ഷദ്വീപ് തീരത്തിനടുത്ത് 1526 കോടിരൂപയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ മത്സ്യത്തൊഴിലാളികൾക്ക് അന്താരാഷ്ട്ര മാഫിയ ബോട്ട് വാങ്ങിനൽകിയതായി മൊഴി. മയക്കുമരുന്ന് കടത്തിനു മാത്രമായി ബോട്ട് വാങ്ങാൻ 47 ലക്ഷം രൂപയാണ് കൈമാറിയത്. ഈ പണം ഉപയോഗിച്ചാണ് പ്രിൻസ് എന്ന ബോട്ട് വാങ്ങിയതെന്ന് പിടിയിലായ മത്സ്യത്തൊഴിലാളികൾ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന് (ഡി.ആർ.ഐ.) മൊഴിനൽകി.
വാട്സാപ്പിലൂടെയായിരുന്നു ആശയവിനിമയമെന്നും മുംബൈയിലുള്ള തമിഴ് സംസാരിക്കുന്ന വ്യക്തിയാണ് ബന്ധപ്പെട്ടിരുന്നതെന്നും തൊഴിലാളികൾ മൊഴിനൽകിയിട്ടുണ്ട്. ഇവരുടെ ഫോണിൽനിന്നുള്ള വിശദാംശങ്ങളറിയാൻ ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഡി.ആർ.ഐ.യും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്ന് കഴിഞ്ഞമാസമാണ് പുറംകടലിൽ രണ്ട് ബോട്ടുകളിൽനിന്ന് 218 കിലോ ഹെറോയിൻ പിടികൂടിയത്. രണ്ട് മലയാളികൾ ഉൾപ്പെടെ 20 പേരെ അറസ്റ്റുചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തു. ഇതിൽനിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
ലിറ്റിൽ ജീസസ്, പ്രിൻസ് എന്നീ ബോട്ടുകളിൽനിന്നാണ് ഹെറോയിൻ പിടിച്ചത്. ഇതിൽ പ്രിൻസ് എന്ന ബോട്ട് വാങ്ങാനാണ് 47 ലക്ഷം നൽകിയത്. ഹെറോയിൻ പിടിക്കുമ്പോൾ ഈ ബോട്ടുകളിൽ മത്സ്യബന്ധന ഉപകരണങ്ങൾ ഉണ്ടായിരുന്നില്ല.
കപ്പൽ പുറംകടലിലെത്തുമ്പോൾ എവിടെയാണെന്നുള്ള വിവരങ്ങളും അടയാളങ്ങളും വാട്സാപ്പിലൂടെത്തന്നെ അയച്ചുനൽകും. കപ്പലിൽനിന്നുള്ള സാധനങ്ങളുമായി തീരത്ത് എത്താറാകുമ്പോൾ എവിടെയാണ് ബോട്ടുകൾ അടുപ്പിക്കേണ്ടതെന്ന് വിവരം കൈമാറും. തീരത്ത് അവരെക്കാത്ത് ഹെറോയിൻ ഉൾപ്പെടെ കൈപ്പറ്റാൻ ആളുകൾ കാത്തുനിൽപ്പുണ്ടാകും. ഇവർക്ക് കൈമാറുന്നതുവരെയുള്ള കാര്യങ്ങളേ പിടിയിലായവർക്ക് അറിയൂ.
ബോട്ടുകളിൽ ഒന്നിൽനിന്ന് പിടികൂടിയ ഹെറോയിൻ പായ്ക്കറ്റുകളടങ്ങിയ ചാക്കിൽ പാകിസ്താൻ പഞ്ചസാരമില്ലിന്റെ വിലാസമാണ് ഉണ്ടായിരുന്നത്. ഇറാനിലെ ചാബഹാർ, ബന്ധാർ അബ്ബാസ് തുറമുഖങ്ങളാണ് ഇന്ത്യയിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ കവാടമായി പ്രവർത്തിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്കു ലഭിച്ച വിവരം.അഫ്ഗാനിസ്താനിൽ ഉത്പാദിപ്പിക്കുന്ന ഹെറോയിൻ പാകിസ്താൻ വഴി ഇറാനിലെത്തിക്കുകയും അവിടെനിന്ന് ഇന്ത്യയിലേക്ക് കടത്തുകയുമാണ് ചെയ്യുന്നത്.