വാഷിംഗ്ടൺ; യുഎസിൽ വീണ്ടും വെടിവെയ്പ്പ്. ഒഖ്ലഹോമയിലെ ടൾസയിൽ സെന്റ് ഫ്രാൻസിസ് ആശുപത്രി പരിസരത്ത് ആണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചു. ഇയാൾ സ്വയം വെടിയുതിർത്തതാണോയെന്ന് വ്യക്തമല്ല. ടെക്സസിലെ സ്കൂളിലുണ്ടായ ആക്രമണത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് വീണ്ടും വെടിവെയ്പ്പ് ഉണ്ടായിരിക്കുന്നത്.
പ്രാദേശിക സമയം 4. 52 ഓടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. നാല് പേർ മരിച്ചതായും സാഹചര്യം നിയന്ത്രണ വിധേയമാണെന്നും പോലീസ് അറിയിച്ചു. അക്രമിയെ കുറിച്ചും കൊല്ലപ്പെട്ടവരും കുറിച്ചും പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി.വെടിവെയ്പ്പ് പ്രസിഡന്റ് ജോ ബൈഡൻ അനുശോചനം രേഖപ്പെടുത്തി. അതേസമയം കഴിഞ്ഞ ഒരു മാസമായി ഇത്തരത്തിലുളള നിരവധി സംഭവങ്ങൾ യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.