ന്യൂഡൽഹി: കോൺഗ്രസിൽ സമൂലപരിഷ്കരണത്തിനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ ഏഴ്-എട്ട് അംഗങ്ങളുള്ള ഉന്നതാധികാരസമിതിയെ രണ്ടുദിവസത്തിനുള്ളിൽ അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിക്കും. മുതിർന്നനേതാക്കളിൽ ചിലരുടെ എതിർപ്പു തുടരുകയാണെങ്കിലും രാഷ്ട്രീയതന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പാർട്ടിപരിഷ്കരണ നിർദേശങ്ങൾ വിശദമായി ചർച്ചചെയ്യാനും ധാരണയായി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ മേയ് 13 മുതൽ 15 വരെ രാജസ്ഥാനിലെ ഉദയ്പുരിൽ ചിന്തൻശിബിരം ചേരും.
മല്ലികാർജുൻ ഖാർഗെ (രാഷ്ട്രീയം), സൽമാൻ ഖുർഷിദ് (സാമൂഹികനീതി-ശാക്തീകരണം), പി. ചിദംബരം (സാമ്പത്തികം), മുകുൾ വാസ്നിക് (സംഘടന), ഭൂപീന്ദർ സിങ് ഹൂഡ (കൃഷി), അമരീന്ദർ സിങ് വാറിങ് (യുവശാക്തീകരണം) എന്നിവർ കൺവീനർമാരായുള്ള സമിതികൾ ബന്ധപ്പെട്ട വിഷയങ്ങളിൽ ചിന്തൻ ശിബിരത്തിന് മുന്നോടിയായി വിശദപഠനം നടത്തും.