ന്യൂഡെൽഹി: ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള സെമിനാർ കൊച്ചിയിൽ നടക്കും. ഡെൽഹിയിൽ നടക്കുന്ന ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടികൾ രാജ്യത്താകെ സംഘടിപ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. ആഗോളരാഷ്ട്രങ്ങളുടെ കൂട്ടായ്‌മയായ ജി20 ഉച്ചകോടി കേരളത്തിൽ നടക്കുന്നതിന്റെ ഭാഗമായി 160 പരിപാടികൾ ആണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ നാലെണ്ണം വരെ കേരളത്തിൽ നടക്കുമെന്നാണ് വിവരം.
കൊച്ചിയാവും പരിപാടികൾക്ക് വേദിയാവുക. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥർ കൊച്ചിയിലെത്തി സ്‌ഥിതി വിലയിരുത്തി അനുകൂല റിപ്പോർട്ടാണ് നൽകിയത്. 2023 ജനുവരി മുതൽ ഒക്‌ടോബർ വരെയുള്ള കാലത്താണ് വിവിധ സംസ്‌ഥാനങ്ങളിൽ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുക. എന്നാൽ ജി20 ഉച്ചക്കോടി ഡെൽഹിയിൽ തന്നെ നടക്കും.
ജി20 ഉച്ചക്കോടിക്ക് ഇക്കുറി ഡെൽഹിയാണ് ആതിഥ്യം വഹിക്കുന്നത്. ഈ വർഷം ഡിസംബർ 1 മുതൽ അടുത്ത വർഷം നവംബർ 30 വരെ നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളാണ് ജി20 ഉച്ചക്കോടിയുടെ ഭാഗമായി ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഡെൽഹിയിലെ പ്രഗതി മൈതാനിയിൽ ജി20 ഉച്ചക്കോടിക്കായി പ്രത്യേക വേദി സജ്‌ജമാക്കാൻ കേന്ദ്രസർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.
പ്രത്യേകം രൂപീകരിച്ച ജി20 സെക്രട്ടറിയേറ്റാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുക. പ്രധാനമന്ത്രി അധ്യക്ഷനായ സെക്രട്ടറിയേറ്റിൽ ധനമന്ത്രി, ആഭ്യന്തരമന്ത്രി,വിദേശകാര്യമന്ത്രി, വാണിജ്യമന്ത്രി എന്നിവരും അംഗങ്ങളാണ്. ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യ ദിനാഘോഷം കൂടി പരിഗണിച്ചാണ് ഈ വർഷം തന്നെ ജി20 ഉച്ചക്കോടി ഇന്ത്യക്ക് ആതിഥ്യം വഹിക്കുന്നത്. 2024 ഫെബ്രുവരി വരെ സെക്രട്ടറിയേറ്റിന്റെ പ്രവർത്തനം തുടരും. നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരം ഇറ്റലിയായിരുന്നു ഈ വർഷം ഉച്ചക്കോടിക്ക് ആതിഥ്യം വഹിക്കേണ്ടിയിരുന്നു. ഇന്ത്യയുടെ പ്രത്യേക അഭ്യർഥന മാനിച്ച് അവർ മാറി തരികയായിരുന്നു. സാമ്പത്തിക ശക്‌തികളായ 19 ലോകരാഷ്‌ട്രങ്ങളും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അടങ്ങിയതാണ് ജി20 കൂട്ടായ്‌മ.