ടിക്കറ്റിന് പുറമെ വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് കെഎസ്ആർടിസി സ്ഥലങ്ങളിൽ പമ്പുകൾ ആരംഭിച്ചത്. ആകെ 75 ഇന്ധന ചില്ലറ വില്പന കേന്ദ്രങ്ങളാണ് സ്ഥാപിക്കുന്നത്.
തിരുവനന്തപുരം: കെഎസ്ആർടിസി പമ്പുകളിൽ ഇനി മുതൽ പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്നുള്ള കെ.എസ്.ആര്‍.ടി.സി- യാത്രാ ഫ്യൂവല്‍സിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. സംസ്ഥാനത്തുടനീളം പൊതുജനങ്ങള്‍ക്കായി 75 ഇന്ധന ചില്ലറ വില്പനശാലകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
കഫറ്റീരിയയും, വിശ്രമ കേന്ദ്രവും എല്ലാം വരും ദിവസങ്ങളിൽ തുറക്കും. കെഎസ്ആർടിസി യാത്രാ ഫ്യുൽസിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് ധനമന്ത്രി കെഎൻ ബാലഗോപാലൻ നിർവ്വഹിച്ചു. കെഎസ്ആർടിസി പുനരുദ്ധാരണ പദ്ധതികൾക്ക് പൂർണ പിന്തുണയെന്ന് ധനമന്ത്രി പറഞ്ഞു. കെഎസ്ആർടിസി സ്വയം പര്യാപ്തമായ സ്ഥിതിയിലേയ്ക്ക് എത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
തുടക്കത്തില്‍ പെട്രോളും ഡീസലും ആയിരിക്കും ഈ ഔട്ട്‌ലെറ്റു കളില്‍ വിതരണം ചെയ്യുന്നത്. തുടർന്ന് ഹരിത ഇന്ധനങ്ങളായ എൽഎൻജി, സിഎൻജി, ഇലക്ട്രിക വാഹനങ്ങളുടെ ചാർജിംഗ് സെന്റർ തുടങ്ങിയവും, 5 കിലോയുള്ള എൽപിജി സിലിണ്ടർ ആയ ചോട്ടു തുടങ്ങിയവരും ഇവിടെ നിന്നും ലഭിക്കും.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ബൈക്ക് യാത്രക്കാർക്ക് എഞ്ചിൻ ഓയിൽ വാങ്ങുമ്പോൾ ഓയിൽ ചെയ്ഞ്ച് സൗജന്യമായിരിക്കും, കൂടാതെ 200 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര- മുചക്ര വാഹന ഉടമകൾക്കും, 500 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന നാല് ചക്ര വാഹന ഉടമകൾക്കുമായി നടക്കുന്ന കാമ്പയിനിംഗിൽ പങ്കെടുക്കാം. കാമ്പയിനിംഗിൽ പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാകുന്നവർക്ക് കാർ, ബൈക്ക് തുടങ്ങിയവ സമ്മാനങ്ങളായി ലഭിക്കാനുള്ള അവസരവും ഉണ്ട്.