ഒരു മലയാളി വ്യക്തി ശുചിത്വത്തിൽ അഭിമാനിക്കുന്നു. എന്നാൽ പരിസര ശുദ്ധിയിൽ ഇന്നും പിന്നിലാണ് എന്നുള്ളതിൽ സംശയമില്ല. രാത്രിയുടെ മറവിലും, പകൽ വെളിച്ചത്തിലും വലിച്ചെറിയുന്ന മാലിന്യങ്ങൾ കാരണം കൊറോണയെക്കാളും വലിയ ദുരന്തങ്ങൾ നമ്മെ കാത്തിരിക്കുന്നു എന്നത് തീർച്ച.
ജീവിത ശൈലിയുടെ വികസനത്തിൽ നമ്മൾ മുന്നോട്ടാണെന്നുള്ളത് വ്യക്തമാണ് . പക്ഷെ മാലിന്യത്തിനു നടുവിൽ നിന്ന് നമ്മൾ സ്മാർട്ടാണ്, ആരോഗ്യകാര്യങ്ങളിൽ മുന്നിലാണ് എന്ന് പറഞ്ഞിട്ടെന്തു കാര്യം. ഒരു കാര്യവുമില്ല. പ്രഖ്യാപനങ്ങൾ കൊണ്ട് പകർച്ച വ്യാധികൾ തടയാൻ കഴിയില്ലല്ലോ. ഇത് എല്ലാവർക്കും അറിയാം. ഒരു മഴ പെയ്താൽ മതി ഡെങ്കിപ്പനി, ചിക്കൻ ഗുനിയ, എലിപ്പനി, മലമ്പനി, വയറിളക്ക രോഗങ്ങൾ എന്നിങ്ങനെ രോഗങ്ങളുടെ ഒരു നീണ്ട നിരയാണ് . ഇതിന്റെയെല്ലാം ഉറവിടം തേടിയാൽ എത്തിച്ചേരുന്നത് വൃത്തിയില്ലാത്ത ചുറ്റുപാടിൽ തന്നെയാണ്.
പക്ഷെ കേരളം ഇന്ന് രാഷ്ട്രീയ ചർച്ചകളുടെയും, മറ്റു കണക്കു കൂട്ടലുകൾക്കുമിടയിൽ മാലിന്യ പ്രശ്നങ്ങൾ മറന്നു പോകുന്നു. മഴ വന്നു പകർച്ചവ്യാധി കൂടുമ്പോൾ മാത്രം ഓർക്കുന്നു.
റോഡരികുകൾ, തോടുകൾ, പുഴകൾ ഇവയുടെ തീരങ്ങൾ എല്ലാം മാലിന്യ സഞ്ചികളും, ചാക്കുകളും കൊണ്ട് നിറയുന്നു. ഇതൊന്നും തനിയെ ഉണ്ടായതല്ല എന്നുള്ളത് എല്ലാവര്ക്കും അറിയാം. നമ്മൾ ഉത്തരവാദിത്തമില്ലാതെ ഉണ്ടാക്കിയതാണ്. “കൈയൊഴിയുക” എന്ന രീതിയാണ് മാലിന്യത്തിന്റെ കാര്യത്തിൽ മലയാളി സ്വീകരിക്കുന്നത് .
വലിച്ചെറിയുന്നത് മറ്റൊരു രൂപത്തിൽ തിരിച്ചു വരും എന്നുള്ള കാര്യം ആരും ചിന്തിക്കുന്നില്ല. ജീവന് ഭീഷണിയായ രോഗങ്ങളായി, മണ്ണിലൂടെയും, ജലത്തിലൂടെയും, വായുവിലൂടെയും ഏതു സമയവും വലിച്ചെറിയുന്നത് തിരിച്ചെത്തും. ഈ വലിച്ചെറിയലിൻറെ പരിണത ഫലങ്ങൾ നമ്മുടെ തലമുറ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
പകർച്ച വ്യാധികൾ നമ്മുടെ ഈ കൊച്ചു കേരളത്തിന് ഉണ്ടാക്കുന്ന ആഘാതം ചെറുതൊന്നുമല്ല. സാമ്പത്തികവും, ആരോഗ്യകരവുമായ പ്രതിസന്ധിക്ക് ഇത് കാരണമാണ്.
കേരളത്തിൽ മാലിന്യം കൂടുന്നതിനുള്ള കാരണങ്ങൾ ഒട്ടേറെയാണ്. സംസ്ഥാനത്ത് പ്രതിദിനം ടൺ കണക്കിന് മാലിന്യം ഉണ്ടാക്കുന്നുണ്ടെന്നാണ് ശുചിത്വ മിഷൻ കണക്കാക്കുന്നത്. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാത്തത് മാലിന്യ പ്രശ്നത്തിന്റെ സങ്കീർണ്ണത വർധിപ്പിക്കുന്നുണ്ട് . ജൈവ മാലിന്യങ്ങളും, അജൈവ മാലിന്യങ്ങളും കൂടി കുഴയുന്നു എന്നതാണ് വലിയ പ്രശ്നം. വർധിച്ചു വരുന്ന മാലിന്യത്തെ സംസ്കരിക്കാനുള്ള പദ്ധതികളെ ഗൗരവമായി കാണുന്നില്ല എന്നുള്ളതും സത്യം.
സംസ്ഥാനത്ത് നഗര വത്കരണം അതിവേഗം കൂടി കൊണ്ടിരിക്കുന്നു. നഗരങ്ങളുടെ വലിപ്പം കൂടി. കൂടുതൽ പ്രദേശങ്ങൾ നഗരങ്ങളായി. നഗരവാസികളുടെ എണ്ണം കൂടി. അതോടൊപ്പം നഗര മാലിന്യങ്ങളുടെ തോതും കൂടി. പക്ഷെ അതിനനുസരിച്ച് മാലിന്യ സംസ്കരണം നടക്കുന്നില്ല.
വർഷം തോറും മാലിന്യ സംസ്കരണത്തിനായി കേന്ദ്ര സർക്കാറിന്റെയും, സംസ്ഥാന സർക്കാറിന്റെയും, തദ്ദേശ സ്ഥാപനങ്ങളുടേയുമൊക്കെ കോടികളുടെ ഫണ്ട് അനുവദിച്ചിട്ടുണ്ട്. പക്ഷെ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങളുടെ തോത് കൂടുന്നതല്ലാതെ, കുറയുന്നില്ല. ഇങ്ങനെ പോയാൽ മാലിന്യ പ്രശ്നത്തിന് കേരളം വലിയ വില കൊടുക്കേണ്ടി വരും.