രാജ്യത്തെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലേരി ഇൻ്റർനാഷണലിനെതിരെ കർശന നിയമനടപടിയുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI). ബിസ്ലേരിയുടെ പാക്കേജ്ഡ് കുടിവെള്ള സാമ്പിൾ പരിശോധനയിൽ സുരക്ഷിതമല്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ എഫ്.എസ്.എസ്.എ.ഐ അനുമതി നൽകി. കാൻസറിന് വരെ കാരണമാകുന്ന രാസവസ്തുക്കളാണ് കുടിവെള്ള പരിശോധനയില്‍ കണ്ടെത്തിയത്.
ബിസ്ലേരി ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ സ്ഥാപനത്തിൽ നിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളിലാണ് ഗുരുതരമായ വീഴ്ച കണ്ടെത്തിയത്. ആദ്യഘട്ട പരിശോധനയിൽ വെള്ളത്തിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ ‘ബ്രോമേറ്റ്’ അടങ്ങിയിട്ടുള്ളതായി വ്യക്തമായിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷാ നിയമം (FSS Act, 2006) പ്രകാരം ഇത് സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു.
എന്നാൽ, ഈ പരിശോധനാ ഫലത്തിനെതിരെ ബിസ്ലേരി അപ്പീൽ നൽകിയതിനെ തുടർന്ന് സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. അവിടെ നടന്ന പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് തന്നെയാണ് തെളിഞ്ഞത്. ആരോഗ്യത്തിന് ഹാനികരമായ ‘പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ’ സാന്നിധ്യമാണ് റഫറൽ ലാബിൽ കണ്ടെത്തിയത്.
ഇതോടെ ഭക്ഷ്യസുരക്ഷാ നിയമലംഘനം സ്ഥിരീകരിക്കപ്പെടുകയും കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടിയുമായി മുന്നോട്ട് പോകാൻ എഫ്.എസ്.എസ്.എ.ഐ തീരുമാനിക്കുകയുമായിരുന്നു. ഈ വർഷം ഭക്ഷ്യ ഉൽപ്പാദകർ, ഇ-കൊമേഴ്സ് കമ്പനികൾ, എനർജി ഡ്രിങ്ക്-മദ്യ നിർമാതാക്കൾ എന്നിവർക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റി പരിശോധനകളും നടപടികളും കർശനമാക്കിയിട്ടുണ്ട്.
എന്താണ് ആദ്യഘട്ട പരിശോധനയില്‍ കണ്ടെത്തിയ ബ്രോമേറ്റ് ?
കുടിവെള്ളം ശുദ്ധീകരിക്കുന്നതിനായി ഓസോൺ ഉപയോഗിക്കുമ്പോൾ, വെള്ളത്തിൽ സ്വാഭാവികമായി അടങ്ങിയിട്ടുള്ള ബ്രോമൈഡ് എന്ന ലവണവുമായി പ്രവർത്തിച്ചുണ്ടാകുന്ന ഒരു രാസവസ്തുവാണ് ബ്രോമേറ്റ്.
വെള്ളത്തിൽ ബ്രോമേറ്റ് അടങ്ങുന്നതിന് എഫ്.എസ്.എസ്.എ.ഐ കൃത്യമായ പരിധി നിശ്ചയിച്ചിട്ടുണ്ട്. ബിസ്ലേരിയുടെ സാമ്പിളിൽ ഈ പരിധിയിലും കൂടുതൽ ബ്രോമേറ്റ് കണ്ടെത്തി. കൂടിയ അളവിൽ ബ്രോമേറ്റ് ശരീരത്തിലെത്തുന്നത് വൃക്കകളെയും നാഡീവ്യവസ്ഥയെയും ബാധിക്കാനും, ദീർഘകാലാടിസ്ഥാനത്തിൽ കാൻസർ സാധ്യത വർധിപ്പിക്കാനും കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.
എന്താണ് രണ്ടാം ഘട്ട പരിശോധന (റഫറൽ ലാബ്)?
പ്ലാസ്റ്റിക് കുപ്പികളുടെ നിർമ്മാണത്തിലെ അപാകതകൾ, വ്യാവസായിക മാലിന്യങ്ങൾ, അല്ലെങ്കിൽ വെള്ളം സംഭരിക്കുന്നതിലും പായ്ക്ക് ചെയ്യുന്നതിലുമുള്ള അശ്രദ്ധ എന്നിവയിലൂടെ വെള്ളത്തിൽ കലരാൻ സാധ്യതയുള്ള രാസസംയുക്തങ്ങളാണ് PAHs.
ആദ്യ പരിശോധനാ ഫലത്തിനെതിരെ ബിസ്ലേരി അപ്പീൽ നൽകിയപ്പോൾ കേന്ദ്ര റഫറൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇവ ശരീരത്തിന് വളരെ ദോഷകരമാണ്. പ്രതിരോധശേഷിയെ ബാധിക്കാനും, കരൾ-വൃക്ക രോഗങ്ങൾക്കും, കാൻസറിനും കാരണമാകുന്ന രാസവസ്തുക്കളുടെ പട്ടികയിലാണ് ഇവ ഉൾപ്പെടുന്നത്.







