സന്നിധാനത്ത് വിജിലൻസിൻ്റെ മിന്നൽ പരിശോധന;

0
8

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് വിജിലൻസിൻ്റെ മിന്നൽ പരിശോധന. സന്നിധാനത്തെ മരാമത്ത് വിഭാഗം അസിസ്റ്റൻ്റ് എൻജിനീയറുടെ ഓഫിസിലും, വ്യാപാര സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. അനുവദിച്ചു നൽകിയ സ്ഥലങ്ങൾക്ക് അപ്പുറത്തേക്ക് വ്യാപാര കേന്ദ്രങ്ങളുടെ നിർമാണം നടന്നിട്ടുണ്ടോ, കടകളിൽ അനുവദിച്ചതിന് പുറമെ ഉള്ള സാധനങ്ങൾ കച്ചവടം ചെയ്യുന്നുണ്ടോ എന്നത് ഉള്‍പ്പെടെയുള്ളതിൻ്റെ പരിശോധനയാണ് നടത്തിയത്.

ഭക്തരെ ചൂഷണം ചെയ്യുന്നുവെന്നും അനധികൃത പണപ്പിരിവ് നടക്കുന്നുവെന്നും ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ചില ദേവസ്വം ഉദ്യേഗസ്ഥർ ഭക്തരിൽ നിന്നും പണം വാങ്ങി ഒരുപാട് നേരം ക്യൂവിൽ കാത്ത് നിൽക്കേണ്ട അവസ്ഥ ഒഴിവാക്കാനായി സ്റ്റാഫുകൾക്ക് കയറി പോകാന്‍ പറ്റുന്ന മറുവശത്ത് കൂടെ ഭക്തരെ കടത്തി വിട്ടതായും ഉദ്യോഗസ്ഥർ കണ്ടെത്തി.

പരിശോധനയിൽ നാലു വ്യാപാര കേന്ദ്രങ്ങൾ അനുവദിച്ചതിലും കൂടുതൽ സ്ഥലം കൈയേറിയതായും കണ്ടെത്തി. ക്രമക്കേടുകളിൽ ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥരുടെ പരിശോധനകളുടെ വിവരങ്ങളും, അനധികൃത പണപ്പിരിവ് നടത്തുന്നുണ്ടോ എന്നതും വിജിലൻസ് പരിശോധിച്ചു. ഇന്നലെ രാത്രിയിലാണ് വിജിലൻസിൻ്റെ പരിശോധന നടന്നത്. പണം നൽകിയാൽ ദർശനത്തിന് സൗകര്യം ഒരുക്കാം എന്ന വാഗ്‌ദാനവുമായി ചിലർ ഭക്തരെ സമീപിച്ചിരുന്നുവെന്ന് വിജിലൻസ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് മിന്നൽ പരിശോധന നടന്നത്.

96 കോട്‌പ കേസുകളിൽ 19,200 രൂപ പിഴയീടാക്കി എക്‌സൈസ്

ശബരിമല മണ്ഡല മഹോത്സവ കാലത്ത് ലഹരി ഉപയോഗത്തിനെതിരെ സുശക്തമായ പ്രവർത്തനങ്ങളുമായി എക്‌സൈസ് വകുപ്പ്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി മൂന്ന് താത്കാലിക റേഞ്ച് ഓഫിസുകൾ പമ്പ അസിസ്റ്റൻ്റ് എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. വകുപ്പ് നടത്തിയ വിവിധ പരിശോധനളിലായി 96 കോട്‌പ കേസുകൾ രജിസ്റ്റർ ചെയ്യുകയും 19,200 രൂപ പിഴ ഈടാക്കുകയും 300 ഗ്രാം പുകയില ഉത്പന്നങ്ങൾ കണ്ടെത്തുകയും ചെയ്‌തു.

സന്നിധാനത്തും, പമ്പയിലും തീർഥാടന പാതകളിലും എല്ലാത്തരം മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും മറ്റു നിരോധിത പുകയില ഉത്പന്നങ്ങളുടെയും വില്‌പനയും ഉപയോഗവും കർശനമായി നിരോധിച്ചിട്ടുള്ള സാഹചര്യത്തിൽ എക്‌സൈസ് വകുപ്പ് കർശന പരിശോധനയാണ് നടത്തി വരുന്നത്. എൻഫോർസ്മെൻ്റ് പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി മുഴുവൻ സമയം പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. പരാതികൾ സന്നിധാനം എക്‌സൈസ് പരാതി പരിഹാര നമ്പറായ 04735 202203 ൽ അറിയിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here