ഗതിനിർണയ സംവിധാനം കൂടുതൽ കരുത്തുറ്റതാക്കാൻ ഐഎസ്‌ആർഒ;

0
5

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ നാവിഗേഷൻ ഉപഗ്രഹമായ ജിഎസ്എൽവി-എഫ്18 (എൻവിഎസ്-03) ഇന്ന് (വെള്ളിയാഴ്‌ച) വിക്ഷേപിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് രാത്രി 11:51-നാണ് വിക്ഷേപണമെന്ന് ഐഎസ്‌ആർഒ ഔദ്യോഗികമായി അറിയിച്ചു. നാവിഗേഷൻ സേവനങ്ങൾ സുഗമമാക്കുന്നതിനാണ് NVS-03 വിക്ഷേപിക്കുന്നത്.

ഇന്ത്യയുടെ പ്രാദേശിക നാവിഗേഷൻ ഉപഗ്രഹ സംവിധാനമായ ‘നാവിക്കി’ന്‍റെ രണ്ടാം തലമുറയുടെ പരമ്പരയിലെ മൂന്നാമത്തെ ഉപഗ്രഹമായ NVS-03 ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്കാണ് കുതിക്കുക. ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്നാണ് വിക്ഷേപണം ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയുടെ ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്‍റെ ഇരുപതാമത്തെ വിക്ഷേപണമാണ് ഇത്.

നാവിഗേഷൻ ശേഷി വർധിപ്പിക്കും

‘നാവിക്’ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനും നാവിഗേഷൻ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനുമായാണ് NVS-03 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ തദ്ദേശീയമായി വികസിപ്പിച്ച അറ്റോമിക് ക്ലോക്കും, മറ്റ് രാജ്യങ്ങളുടെ അറ്റോമിക് ക്ലോക്കുകളും ഉണ്ട്. നിലവിലുള്ള L5, S സിഗ്നലുകൾക്ക് പുറമെ L1 നാവിഗേഷൻ സിഗ്നലും ഇത്തവണ ജിഎസ്‌എൽവിയുടെ ഉപഗ്രഹത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് നാവിഗേഷൻ ശേഷി വർധിപ്പിക്കുന്നു.

ഇന്ത്യൻ ഭൂപ്രദേശത്തിന് പുറമെ, അതിർത്തിയിൽ നിന്ന് ഏകദേശം 1500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തും സേവനം ലഭ്യമാക്കാൻ പുതിയ നാവിഗേഷൻ സംവിധാനത്തിന് ശേഷിയുണ്ട്. ഈ പരിധിയിൽ വരുന്ന പ്രദേശത്തെ ജനങ്ങൾക്ക് കൃത്യമായ സ്ഥാനം, വേഗത, സമയം എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനാണ് ജിഎസ്എൽവി-എഫ്18 വികസിപ്പിച്ചിരിക്കുന്നത്.

ഐഎസ്ആർഒയുടെ നാവിക് സംവിധാനം രണ്ട് തരം സേവനങ്ങളാണ് നൽകുന്നത്. സാധാരണക്കാർക്ക് ഉപയോഗിക്കാവുന്ന പൊതുവായ സേവനമടങ്ങുന്ന സ്റ്റാൻഡേർഡ് പൊസിഷനിങ് സർവീസ് (SPS), സുരക്ഷാ ഏജൻസികൾക്കും മറ്റ് അംഗീകൃത വ്യക്തികൾക്കും മാത്രം ഉപയോഗിക്കാൻ കഴിയുന്ന അതീവ സുരക്ഷിതവും രഹസ്യവുമായ സേവനമടങ്ങുന്ന റെസ്ട്രിക്റ്റഡ് സർവീസ് (RS) എന്നിവയാണവ. നിലവിലുള്ള നാവിക് ഉപഗ്രഹ ശൃംഖലയെ കൂടുതൽ മെച്ചപ്പെട്ട സവിശേഷതകളോടെ വിപുലീകരിക്കുന്നതിനും, സേവനങ്ങളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനുമായി, രണ്ടാം തലമുറയിൽപ്പെട്ട അഞ്ച് നാവിഗേഷൻ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഐഎസ്ആർഒ പദ്ധതിയിടുന്നുണ്ട്.

2023 മെയ് 29നാണ് നാവിക്കിന്‍റെ രണ്ടാം തലമുറ പരമ്പരയിലെ ആദ്യ ഉപഗ്രഹമായ NVS-01 ജിഎസ്‌എൽവി-എഫ്‌12 ദൗത്യത്തിലൂടെ വിക്ഷേപിച്ചത്. ഇന്ത്യൻ നാവിഗേഷൻ ഉപഗ്രഹത്തിൽ തദ്ദേശീയമായി വികസിപ്പിച്ച അറ്റോമിക് ക്ലോക്ക് ഉപയോഗിച്ചത് ഇതാദ്യമായാണ്. ഈ പരമ്പരയിലെ മൂന്നാമത്തെ ഉപഗ്രഹമായ NVS-03, നിലവിലുള്ള L5, S സിഗ്നലുകൾക്കൊപ്പം L1 സിഗ്നലും ഉൾപ്പെടുത്തിക്കൊണ്ട്, ഉപഗ്രഹ ശൃംഖലയുടെ ശേഷി കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.

ഗതാഗതം, ലൊക്കേഷൻ അധിഷ്‌ഠിത സേവനങ്ങൾ, നാവിഗേഷനെ ആശ്രയിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയ്‌ക്കും കൃത്യമായ സ്ഥാനനിർണ്ണയത്തിനും നാവിഗേഷനും സമയ വിവരങ്ങൾ നൽകുന്നതിനും നാവിക് സംവിധാനം സഹായകമാകും. ണ്ടാം തലമുറ ഉപഗ്രഹങ്ങളിലൂടെ, നാവിക് സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്താനും, ഇന്ത്യയുടെ സ്വതന്ത്രമായ പ്രാദേശിക നാവിഗേഷൻ സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കാനും ഐഎസ്‌ആർഒ ലക്ഷ്യമിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here