ദുബൈ: ഗൾഫ് മേഖലയിലെ സംഘർഷങ്ങളും സൗദി അറേബ്യയുടെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഉയർത്തുന്നു. ബ്രെൻ്റ് ക്രൂഡ് വില ബാരലിന് 115 ഡോളർ കടന്നപ്പോൾ, അമേരിക്കൻ ക്രൂഡ് വില ഏപ്രിലിന് ശേഷം ആദ്യമായി 100 ഡോളറിന് മുകളിലെത്തി. തുടർച്ചയായ നാലാം മാസമാണ് എണ്ണവിലയിൽ വലിയ വർധന രേഖപ്പെടുത്തുന്നത്.
ബ്രെൻ്റ് ഫ്യൂച്ചേഴ്സ് 86 സെൻ്റ് അഥവാ 0.75 ശതമാനം ഉയർന്ന് ബാരലിന് 115.74 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സാസ് ഇൻ്റർമീഡിയറ്റ് (ഡബ്ലിയു.ടി.ഐ) 72 സെൻ്റ് അഥവാ 0.71 ശതമാനം വർധിച്ച് 102.72 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബർ മാസത്തിൽ മാത്രം ബ്രെൻ്റ് ക്രൂഡ് വിലയിൽ ഏകദേശം 14 ശതമാനത്തിൻ്റെയും ഡബ്ലിയു.ടി.ഐ വിലയിൽ 15 ശതമാനത്തിൻ്റെയും വർധനയാണ് രേഖപ്പെടുത്തിയത്. ജൂലായ് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വർധനയാണിത്. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.
യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൗദി അറേബ്യയിലെ പ്രധാന എണ്ണ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. റാസ് തനൂറ, റാബിഗ് റിഫൈനറികൾക്കും അബ്ഖൈഖിലെ അരാംകോ കേന്ദ്രത്തിനും നേരെ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. ഇതിന് പുറമെ, രാജ്യത്തിൻ്റെ പടിഞ്ഞാറൻ മേഖലയിലേക്ക് തൊടുത്തുവിട്ട ക്രൂയിസ് മിസൈൽ തകർത്തതായി സൗദി സഖ്യസേനയും റിപ്പോർട്ട് ചെയ്തു. നയതന്ത്ര തലത്തിലുള്ള ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ ഊർജ വിതരണ ശൃംഖലകളുടെയും കപ്പൽ പാതകളുടെയും സുരക്ഷ സംബന്ധിച്ച ആശങ്കകൾ വർധിക്കുകയാണ്.
ഹോർമുസ് കടലിടുക്കിന് ചുറ്റും തുടരുന്ന സൈനിക നീക്കങ്ങളും നയതന്ത്ര പരിഹാരങ്ങളിലെ അനിശ്ചിതത്വവും വരും ആഴ്ചകളിൽ എണ്ണവില വീണ്ടും ഉയർത്താൻ കാരണമാകുമെന്ന് എം.എസ്.ടി മാർക്വീയിലെ ഊർജ ഗവേഷണ വിഭാഗം മേധാവി സോൾ കവോനിക് വ്യക്തമാക്കി. ആഗോള ഊർജ വിപണിയെ സംബന്ധിച്ച് ഹോർമുസ് കടലിടുക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഈ ജലപാതയിലൂടെയുള്ള ഗതാഗതത്തിന് ഏൽക്കുന്ന ചെറിയ തടസ്സങ്ങൾ പോലും ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിക്കും.
വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല. ഇറാനിലേക്ക് മെഡിക്കൽ ഉത്പന്നങ്ങൾ എത്തിക്കാൻ അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് ഇറാന് കത്തയച്ചതായി യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിൻ്റെ ഭാഗമായാണ് വാൻസ് ഇറാൻ്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന് കത്തയച്ചത്. എന്നാൽ, കത്ത് ലഭിച്ചെങ്കിലും ഇറാൻ ഇതുവരെ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ലെന്ന് അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. തങ്ങളുടെ വ്യവസ്ഥകൾ അമേരിക്ക അംഗീകരിക്കണമെന്നാണ് ഇറാൻ്റെ നിലപാട്. ഈ ചട്ടക്കൂടിന് വിരുദ്ധമായ ഒരു നിലപാടും അംഗീകരിക്കാനാകില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനിയുടെ നിലപാടുകളും ഇതിൽ നിർണായകമാകും.
അതിനിടെ, ഹോർമുസ് കടലിടുക്കിന് തെക്ക് അനധികൃത പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച മൂന്ന് എണ്ണ ടാങ്കറുകൾ കടലിലെ കുഴിബോംബുകളിൽ തട്ടി പൊട്ടിത്തെറിച്ചതായി ഇറാൻ്റെ റെവല്യൂഷണറി ഗാർഡ്സ് റിപ്പോർട്ട് ചെയ്തു. ഈ സംഭവം സമുദ്ര ഗതാഗതത്തിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ കൂടുതൽ വർധിപ്പിച്ചു.
മേഖലയിലെ സുരക്ഷാ ഭീഷണി വർധിച്ചതോടെ പ്രമുഖ കോർപ്പറേറ്റ് കമ്പനികൾ തങ്ങളുടെ യാത്രാ പദ്ധതികളിൽ മാറ്റം വരുത്തുകയാണ്. അടുത്ത ആഴ്ച യു.എ.ഇയിൽ നടക്കാനിരിക്കുന്ന ഏറ്റവും വലിയ എണ്ണ പ്രദർശനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് എക്സോൺമൊബീൽ, ഷെവ്റോൺ എന്നീ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥർ പിന്മാറിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എണ്ണവില ഇതിനകം തന്നെ വലിയ വർധന രേഖപ്പെടുത്തിയ സാഹചര്യത്തിൽ, ഉത്പാദനത്തെയോ ഗതാഗതത്തെയോ ബാധിക്കുന്ന കൂടുതൽ പ്രശ്നങ്ങളുണ്ടാകുമോ എന്നാണ് വ്യാപാരികൾ ഉറ്റുനോക്കുന്നത്.




