റിലീസിന് ദിവസങ്ങള്‍ മാത്രം! ‘രാമായണ’ അഡ്വാൻസ് ബുക്കിംഗിൽ വമ്പന്‍ കുതിപ്പ്; ഇതുവരെ വിറ്റഴിച്ചത് 1.60 ലക്ഷം ടിക്കറ്റുകള്‍

0
3

നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ രണ്‍ബീര്‍ കപൂര്‍- സായ് പല്ലവി- യഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘രാമായണ: പാര്‍ട്ട് 1’ ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളു. റിലീസിനോട് അടുക്കുമ്പോള്‍ ബോക്‌സ് ഓഫിസില്‍ വമ്പന്‍ പ്രതീക്ഷകളാണ് ഈ ബിഗ് ബജറ്റ് ചിത്രം നല്‍കുന്നത്.

ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പുരാണ ഇതിഹാസം നവംബർ 5നാണ് തിയേറ്ററുകളിലെത്തുന്നത്. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യാഷും എത്തുന്ന ചിത്രം പ്രഖ്യാപനം മുതൽ തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

റിലീസിന് മുന്നോടിയായുള്ള അഡ്വാൻസ് ബുക്കിംഗിലും ചിത്രം മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ആദ്യകാല ടിക്കറ്റ് വിൽപ്പനയുടെ കണക്കുകൾ പുറത്തുവരുമ്പോൾ, ചിത്രത്തിന്‍റെ ഓപ്പണിംഗ് ഡേ കലക്ഷനെക്കുറിച്ചുള്ള പ്രതീക്ഷകളും ഉയരുകയാണ്.

ഒക്ടോബർ 23ന് വൈകുന്നേരം ആറുമണി വരെയുള്ള കണക്കുകൾ പ്രകാരം, അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം 9.10 കോടി രൂപയുടെ വരുമാനം നേടി. പ്രദർശനത്തിനായി ബ്ലോക്ക് ചെയ്‌ത സീറ്റുകളിൽ നിന്നുള്ള തുകയും ഇതിൽ ഉൾപ്പെടുന്നു. ഈ സീറ്റുകൾ ഒഴിവാക്കിയാൽ യഥാർഥ ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ച തുക 6.97 കോടി രൂപയാണ്. രാജ്യവ്യാപകമായി 4,189 ഷോകളിലായി ഏകദേശം 1.60 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്. റിലീസിന് ഇനിയും ദിവസങ്ങൾ ശേഷിക്കുന്നതിനാൽ വരും ദിവസങ്ങളിൽ ടിക്കറ്റ് വിൽപ്പനയിൽ കൂടുതൽ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിലീസിന് മുന്‍പേ മികച്ച മുന്നേറ്റം

‘രാമായണ’യുടെ യഥാർഥ ടിക്കറ്റ് വിൽപ്പനയിലുണ്ടാകുന്ന വർധനവ് തന്നെയാണ് അഡ്വാന്‍സ് ബുക്കിംഗിലെ ശ്രദ്ധേയമായ കാര്യം. ബുക്കിംഗ് ആരംഭിച്ച ആദ്യ 24 മണിക്കൂറിനുള്ളിൽ ബ്ലോക്ക് ചെയ്‌ത സീറ്റുകൾ ഉൾപ്പെടെ 5.44 കോടി രൂപയാണ് ചിത്രം നേടിയിരുന്നത്. പിന്നീട് ഈ തുക 9.10 കോടി രൂപയായി ഉയർന്നു. അതേസമയം, ബ്ലോക്ക് ചെയ്‌ത സീറ്റുകളുടെ വരുമാനം ഒഴിവാക്കിയുള്ള കണക്കുകൾ പരിശോധിക്കുമ്പോഴും മികച്ച വളർച്ചയാണ് കാണുന്നത്. ആദ്യഘട്ടത്തിൽ 3.61 കോടി രൂപയായിരുന്ന വരുമാനം പിന്നീട് 6.97 കോടി രൂപയായി വർധിച്ചു.

തിയേറ്ററുകളിലും പ്രദർശകരുടെ നിയന്ത്രണത്തിലുമുള്ള ബ്ലോക്ക് ചെയ്‌ത സീറ്റുകൾ യഥാർഥ പ്രേക്ഷകർ ടിക്കറ്റ് വാങ്ങിയതിന്‍റെ കണക്കായി കണക്കാക്കാനാവില്ല. അതിനാൽ ഈ സീറ്റുകൾ ഒഴിവാക്കിയുള്ള കലക്ഷൻ ചിത്രത്തിന് ലഭിക്കുന്ന യഥാർഥ പ്രേക്ഷക പിന്തുണ വിലയിരുത്തുന്നതിൽ പ്രധാനമാണ്. ബുക്കിംഗിനായി ലഭ്യമായ ഷോകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കൂടുതൽ തിയേറ്ററുകളിലും ഷോകളിലും ടിക്കറ്റ് വിൽപ്പന ആരംഭിക്കുന്നതോടെ ചിത്രത്തിന്‍റെ അഡ്വാൻസ് ബുക്കിംഗ് വരുമാനം ഇനിയും ഉയരാൻ സാധ്യതയുണ്ട്.

ഹിന്ദി വിപണിയിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം

ഭാഷാടിസ്ഥാനത്തിലുള്ള അഡ്വാൻസ് ബുക്കിംഗ് കണക്കുകളിൽ ഹിന്ദി പതിപ്പാണ് മുന്നിൽ. ഒക്ടോബർ 23ന് വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം ഹിന്ദി പതിപ്പ് ഏകദേശം 8.08 കോടി രൂപ നേടി. ചിത്രത്തിന്‍റെ മൊത്തം അഡ്വാൻസ് ബുക്കിംഗ് വരുമാനത്തിന്‍റെ ഏകദേശം 89 ശതമാനവും ഹിന്ദി പതിപ്പിൽ നിന്നാണ് ലഭിച്ചത്. ഉത്തരേന്ത്യൻ വിപണികളിൽ ചിത്രത്തിനുള്ള വലിയ സ്വീകാര്യതയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

കന്നഡ പതിപ്പ് ഏകദേശം 75.98 ലക്ഷം രൂപയും തെലുഗു പതിപ്പ് ഏകദേശം 26 ലക്ഷം രൂപയും നേടി. വിവിധ ഭാഷകളിലുള്ള റിലീസും അതത് വിപണികളിലെ പ്രേക്ഷക താൽപ്പര്യവും ചിത്രത്തിന്‍റെ മൊത്തത്തിലുള്ള ബോക്‌സ് ഓഫീസ് പ്രകടനത്തിൽ നിർണായകമാകും. ഹിന്ദി വിപണിയിൽ മികച്ച തുടക്കം ലഭിക്കുന്നതിനൊപ്പം മറ്റു ഭാഷകളിലും ടിക്കറ്റ് വിൽപ്പന ശക്തമാകുന്നത് ചിത്രത്തിന്‍റെ ഓപ്പണിംഗ് കലക്ഷൻ ഉയരാന്‍ സാധ്യതയുണ്ട്.

ദേശീയ മൾട്ടിപ്ലക്‌സ് ശൃംഖലകളിലും ചിത്രത്തിന് മികച്ച തുടക്കമാണ് ലഭിക്കുന്നത്. വ്യാഴാഴ്ച രാത്രിയോടെ പിവിആർ ഐനോക്സിലും സിനിപോളിസിലുമായി ആദ്യദിന പ്രദർശനങ്ങൾക്കായി 50,000ത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞിരുന്നു. മൾട്ടിപ്ലക്സ് പ്രേക്ഷകർക്കിടയിലെ ഈ ആദ്യകാല താൽപ്പര്യം റിലീസിനോട് അടുക്കുമ്പോൾ കൂടുതൽ ശക്തമാകുമോയെന്നാണ് സിനിമാ വ്യവസായം ഉറ്റുനോക്കുന്നത്.

70 കോടി രൂപയുടെ ഓപ്പണിംഗ് നേടുമോ?

ഇന്ത്യന്‍ ബോക്‌സ് ഓഫിസില്‍ ആദ്യദിനം 70 കോടി രൂപയുടെ ഗ്രോസ് കലക്ഷൻ നേടാൻ ചിത്രത്തിന് കഴിയുമോയെന്നാണ് പലരും ഉറ്റുനോക്കുന്നത്. ചിത്രത്തിന്‍റെ ബജറ്റും താരനിരയും പ്രമേയത്തിന്‍റെ വ്യാപ്തിയും പരിഗണിക്കുമ്പോൾ റിലീസിന് മുന്നോടിയായി വലിയ പ്രതീക്ഷകളാണ് ഉയരുന്നത്. എന്നാൽ അന്തിമ ഓപ്പണിംഗ് കലക്ഷൻ നിർണയിക്കുന്നതിൽ അഡ്വാൻസ് ബുക്കിംഗിന്‍റെ തുടർന്നുള്ള വളർച്ച, ലഭിക്കുന്ന സ്ക്രീനുകളുടെ എണ്ണം, പ്രദർശനങ്ങളുടെ വ്യാപ്‌തി, റിലീസിന് ശേഷമുള്ള പ്രേക്ഷക പ്രതികരണം തുടങ്ങിയ ഘടകങ്ങൾ നിർണായകമാകും.

നവംബർ 5 വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നവംബർ 4ന് പണമടച്ചുള്ള പ്രിവ്യൂ പ്രദർശനങ്ങളുമുണ്ടാകും. നിലവിലെ അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ പ്രോത്സാഹജനകമാണെങ്കിലും, റിലീസിന് മുമ്പുള്ള ദിവസങ്ങളിൽ ടിക്കറ്റ് വിൽപ്പന എത്രത്തോളം വേഗത്തിലാകുമെന്നത് നിർണായകമാണ്.

വമ്പൻ താരനിരയുമായി പുരാണ ഇതിഹാസം

നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ പിറക്കുന്ന രാമായണ രണ്ടുഭാഗങ്ങളായാണ് തിയേറ്ററുകളില്‍ എത്തുക. രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർക്കൊപ്പം സണ്ണി ഡിയോളും രവി ദുബെയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രണ്ടാം ഭാഗം 2027 ദീപാവലി റിലീസായാണ് തിയേറ്ററുകളില്‍ എത്തുക.

വലിയ താരനിരയും പുരാണ പശ്ചാത്തലവും ദൃശ്യവിസ്മയങ്ങൾ നിറഞ്ഞ അവതരണവുമാണ് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തുന്ന പ്രധാന ഘടകങ്ങൾ. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നിന്ന് യു സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്‍റെ ദൈർഘ്യം മൂന്ന് മണിക്കൂറും 15 മിനിറ്റുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here