തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ 2026ലെ തിരുവോണം ബമ്പർ (ബിആർ-111) നറുക്കെടുപ്പ് സെപ്റ്റംബർ 26ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. 500 രൂപ വിലയുള്ള ടിക്കറ്റിന് 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ബമ്പർ അടിക്കുന്ന ഭാഗ്യശാലിക്ക് നികുതികൾ കിഴിച്ച് യഥാർഥത്തിൽ എത്ര രൂപ ലഭിക്കുമെന്നും പ്രവാസികൾക്കുള്ള നികുതി ബാധ്യതകൾ എന്തെല്ലാമാണെന്നും പരിശോധിക്കാം.
സമ്മാനത്തുകയും നികുതിയും
ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 30 കോടി രൂപ മുഴുവനായി വിജയിക്ക് ലഭിക്കില്ല. സമ്മാനത്തുകയിൽ നിന്ന് 10 ശതമാനം ഏജൻസി കമ്മിഷനായി മാറും. അതായത് മൂന്ന് കോടി രൂപ ടിക്കറ്റ് വിറ്റ ഏജൻസിക്ക് ലഭിക്കും. ബാക്കിയുള്ള 27 കോടി രൂപയ്ക്കാണ് നികുതി ഈടാക്കുന്നത്. ഇതിൽ അടിസ്ഥാന ആദായനികുതിയായി 30 ശതമാനം നൽകണം. ഇത് 8.10 കോടി രൂപ വരും.
പുതിയ നികുതി വ്യവസ്ഥ അനുസരിച്ച് ഈ നികുതി തുകയുടെ 25 ശതമാനം സർചാർജ് ആയി നൽകേണ്ടതുണ്ട്. ഇത് 2.02 കോടി രൂപയാണ്. അടിസ്ഥാന നികുതിയും സർചാർജും ചേർന്നുള്ള തുകയുടെ നാല് ശതമാനം സെസ് ആയും ഈടാക്കും. ഇത് 40.50 ലക്ഷം രൂപ വരും. ഇതെല്ലാം കിഴിച്ച് ബാക്കി 16.47 കോടി രൂപയാണ് വിജയിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തുക. പഴയ നികുതി വ്യവസ്ഥയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ സർചാർജ് 37 ശതമാനമായിരിക്കും. അങ്ങനെയെങ്കിൽ കൈയിൽ കിട്ടുന്ന തുക വീണ്ടും കുറയും.
പ്രവാസികളുടെ നികുതി ബാധ്യതകൾ
പ്രവാസികൾ അഥവാ എൻആർഐ വിഭാഗത്തിൽപ്പെടുന്നവർക്ക് ഇന്ത്യയിൽ നികുതി നൽകേണ്ടതുണ്ടോ എന്നത് പലർക്കുമുള്ള സംശയമാണ്. ഒരു സാമ്പത്തിക വർഷം 182 ദിവസത്തിൽ കൂടുതൽ ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവരെയാണ് പ്രവാസികളായി കണക്കാക്കുന്നത്. ഇവർ വിദേശത്ത് അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന് ഇന്ത്യയിൽ ആദായനികുതി നൽകേണ്ടതില്ല.
വിദേശത്ത് നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിനും നികുതി ബാധകമല്ല. എന്നാൽ ഒരു പ്രവാസി ഇന്ത്യയിൽ നിന്ന് ഏതെങ്കിലും തരത്തിൽ വരുമാനം ഉണ്ടാക്കുന്നുണ്ടെങ്കിൽ അതിന് കൃത്യമായി നികുതി നൽകണം. നാട്ടിലെ വീടോ കെട്ടിടമോ വാടകയ്ക്ക് നൽകി ലഭിക്കുന്ന തുക, ബിസിനസ് വരുമാനം, ബാങ്ക് നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ എന്നിവയെല്ലാം നികുതിയുടെ പരിധിയിൽ വരും.
പ്രവാസികൾക്കാണ് ഓണം ബമ്പർ അടിക്കുന്നതെങ്കിലും നികുതി നിയമങ്ങളിൽ മാറ്റമില്ല. ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന വരുമാനം എന്ന നിലയിൽ സാധാരണ പൗരന്മാർ നൽകുന്ന അതേ നികുതി പ്രവാസികളും നൽകണം. സമ്മാനത്തുകയിൽ നിന്ന് ടിഡിഎസ് കിഴിച്ചതിന് ശേഷമുള്ള തുക മാത്രമേ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുകയുള്ളൂ. കൂടാതെ പ്രവാസികൾ നാട്ടിൽ സാധാരണ സേവിങ്സ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ പാടില്ല എന്നത് ഫെമ നിയമപ്രകാരം കർശനമായ നിർദേശമാണ്. പകരം എൻആർഒ അല്ലെങ്കിൽ എൻആർഇ അക്കൗണ്ടുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. വിദേശത്തേക്ക് പോകുമ്പോൾ തന്നെ സാധാരണ അക്കൗണ്ടുകൾ എൻആർഒ അക്കൗണ്ടുകളാക്കി മാറ്റാൻ ബാങ്കിൽ അപേക്ഷ നൽകണം.
ലോട്ടറി വിൽപനയും നിയമക്കുരുക്കും
ലോട്ടറി അടിച്ച ടിക്കറ്റുകൾ കള്ളപ്പണം വെളുപ്പിക്കുന്നതിനായി മറ്റൊരാൾക്ക് വിൽക്കുന്ന പ്രവണത ചിലയിടങ്ങളിൽ കാണാറുണ്ട്. ഇത് പൂർണമായും നിയമവിരുദ്ധമാണ്. ഇത്തരത്തിൽ ടിക്കറ്റ് വിൽപന നടത്തിയത് ആദായനികുതി വകുപ്പ് കണ്ടെത്തിയാൽ കൈമാറ്റം ചെയ്യപ്പെട്ട മുഴുവൻ തുകയ്ക്കും 100 ശതമാനം പിഴ ഈടാക്കും. അതായത് ലഭിച്ച തുക മുഴുവനായി സർക്കാരിലേക്ക് അടയ്ക്കേണ്ടി വരും.
കൂടാതെ മറ്റ് നിയമനടപടികളും നേരിടേണ്ടി വരും. അതിനാൽ ഇത്തരം നിയമവിരുദ്ധ ഇടപാടുകളിൽ നിന്ന് ജനങ്ങൾ പൂർണമായും വിട്ടുനിൽക്കണമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാന സർക്കാരിൻ്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ ലോട്ടറി വിൽപനയിലൂടെ ലഭിക്കുന്ന തുക കാരുണ്യ ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികൾക്കാണ് ഉപയോഗിക്കുന്നത്. അതിനാൽ അംഗീകൃത ഏജൻസികളിൽ നിന്നോ ലോട്ടറി തൊഴിലാളികളിൽ നിന്നോ മാത്രം ടിക്കറ്റുകൾ വാങ്ങാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാൻ ക്യുആർ കോഡ് സംവിധാനവും ലോട്ടറി വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.









