സ്ഥാനാർത്ഥി നിർണ്ണയത്തിൽ അഭിപ്രായവ്യത്യാസങ്ങളോ വിയോജിപ്പുകളോ ഉണ്ടെങ്കിലും പാർട്ടി ഔദ്യോഗികമായി തീരുമാനിക്കുന്ന സ്ഥാനാർത്ഥിക്ക് തന്നെ എല്ലാ പാർട്ടി അംഗങ്ങളും വോട്ട് ചെയ്തിരിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ അണികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പരാമർശങ്ങളെ പൂർണ്ണമായി പിന്തുണച്ചുകൊണ്ടാണ് ബേബിയുടെ പ്രതികരണം.
തിരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തകരിൽ ചിലർക്ക് തെറ്റുപറ്റിയിട്ടുണ്ടെന്നും പാർട്ടിക്കെതിരെ നിലപാടെടുത്തവർ അത് തിരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. വിയോജിപ്പുകൾ ഉള്ളവർ അത് പാർട്ടി കമ്മിറ്റികളിലാണ് ഉന്നയിക്കേണ്ടത് അല്ലാതെ പാർട്ടി നയങ്ങളിൽ നിന്ന് വ്യതിചലിക്കുകയല്ല വേണ്ടത്. പാർട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം ഓരോ അംഗത്തിനുമുണ്ടെന്നും തെറ്റ് പറ്റിയാൽ തിരുത്തി മുന്നോട്ടുപോകുന്ന പ്രസ്ഥാനമാണ് സി.പി.എം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായി പാർട്ടിയിൽ ആന്തരിക പരിശോധനകളും തിരുത്തലുകളും നടക്കുകയാണ്. നേതാക്കളിൽ പലർക്കും പാർലമെന്ററി മോഹങ്ങളുണ്ടെന്നും മേൽഘടകങ്ങളിൽ ഉള്ളവരും ഇതിൽ നിന്ന് മുക്തരല്ലെന്നും അദ്ദേഹം തുറന്നടിച്ചു. നേതാക്കൾ ഔദ്യോഗിക പരിപാടികൾക്ക് പോകുമ്പോൾ ജനങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കണമെന്ന് പോളിറ്റ് ബ്യൂറോ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തരും സ്വയംവിമർശനപരമായി റിപ്പോർട്ട് നൽകേണ്ടിവരും. അതേസമയം സംസ്ഥാന നേതൃത്വത്തിലെ മാറ്റം കേവലം മാധ്യമങ്ങളുടെ അജണ്ട മാത്രമാണെന്നും അദ്ദേഹം തള്ളിക്കളഞ്ഞു.









