മുസ്‌ലിം ബ്രദർഹുഡ് ശാഖകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് അർജന്റീന….
ബ്യൂണസ് അയേഴ്സ്: മുസ്‌ലിം ബ്രദർഹുഡിന്റെ ലെബനീസ്, ഈജിപ്ഷ്യൻ, ജോർദാനിയൻ ശാഖകളെ അർജന്റീന ഔദ്യോഗികമായി ഭീകര സംഘടനകളായി പ്രഖ്യാപിച്ചു. അർജന്റീന പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും കൂടിയാലോചനകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി ‘എക്‌സ്’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഈ സംഘടനകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതിന് ആധാരമായ തെളിവുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല.
അമേരിക്കൻ ഐക്യനാടുകൾക്ക് പിന്നാലെയാണ് അർജന്റീനയുടെയും ഈ നടപടി.
ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് ഭരണകൂടം അടുത്തിടെ ഇതേ മൂന്ന് ശാഖകളെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ ഈ സംഘടനകൾക്കും അവരുമായി ബന്ധമുള്ള വ്യക്തികൾക്കുമെതിരെ വാഷിംഗ്ടൺ ഉപരോധവും ഏർപ്പെടുത്തിയിരുന്നു.
ലെബനൻ, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിലെ മുസ്‌ലിം ബ്രദർഹുഡ് ശാഖകൾ തങ്ങളുടെ രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് ഭീഷണിയാണെന്നായിരുന്നു അന്ന് യു.എസ് ട്രഷറി, സ്റ്റേറ്റ് വകുപ്പുകൾ വ്യക്തമാക്കിയിരുന്നത്. ഈ അമേരിക്കൻ നിലപാടിനെ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ അർജന്റീനയും നടപടി സ്വീകരിച്ചിരിക്കുന്നത്.








