ന്യൂഡൽഹി: ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസം തേടിയെത്തുന്ന വിദേശ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും നേപ്പാളിൽ നിന്നുള്ളവരെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. വിദേശി വിദ്യാർഥികൾക്ക് ഏറ്റവും പ്രിയപ്പെട്ട സംസ്ഥാനം കർണാടകയാണ്. വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട 2023-24 അധ്യയന വർഷത്തെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജ്യുക്കേഷൻ (AISHE) റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
റിപ്പോർട്ട് പ്രകാരം 2023-24 അധ്യയന വർഷത്തിൽ ലോകത്തിലെ 173 രാജ്യങ്ങളിൽ നിന്നായി 58,134 വിദേശ വിദ്യാർഥികളാണ് ഇന്ത്യയിലെ വിവിധ സർവകലാശാലകളിലും കോളജുകളിലുമായി പ്രവേശനം നേടിയത്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ആസൂത്രണങ്ങൾക്കും നയരൂപീകരണങ്ങൾക്കുമായി മന്ത്രാലയം ഔദ്യോഗികമായി തയാറാക്കുന്ന പ്രധാന സ്ഥിതിവിവരക്കണക്കാണിത്.
ഇന്ത്യയിലെത്തുന്ന വിദേശ വിദ്യാർഥികളിൽ ഏറിയ പങ്കും (24.1 ശതമാനം) അയൽരാജ്യമായ നേപ്പാളിൽ നിന്നുള്ളവരാണ്. യുഎഇ (7%), അമേരിക്ക (5.9%), ബംഗ്ലാദേശ് (5.9%), നൈജീരിയ (5.5%), സിംബാബ്‌വെ (4%) എന്നിവയാണ് തൊട്ടുപിന്നാലെയുള്ള മറ്റ് പ്രധാന രാജ്യങ്ങൾ. മൊത്തം വിദേശ വിദ്യാർഥികളിൽ 63.8 ശതമാനവും ആദ്യ 10 രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
പ്രിയ സംസ്ഥാനമായി കർണാടക
വിദേശ വിദ്യാർഥികളുടെ പ്രിയപ്പെട്ട പഠനകേന്ദ്രമായി ഇത്തവണയും കർണാടക തുടരുന്നു. 7,914 വിദേശികളാണ് കർണാടകയിലെ ക്യാമ്പസുകളിൽ പഠിക്കുന്നത്.
ഏറ്റവും കൂടുതൽ വിദേശ വിദ്യാർഥികളെ സ്വീകരിക്കുന്ന സംസ്ഥാനം കർണാടകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. 2023-24 അധ്യയന വർഷത്തിൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 173 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ആകർഷിച്ചുവെന്നും രാജ്യത്തെ സർവകലാശാലകളിലും കോളജുകളിലുമായി 58,134 വിദേശ വിദ്യാർഥികൾ പ്രവേശനം നേടിയെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അനുസരിച്ച്, 7,914 വിദേശികൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്നതോടെ കർണാടക അന്താരാഷ്ട്ര വിദ്യാർഥികളുടെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി ഉയർന്നു.
തൊട്ടുപിറകിലുള്ള സംസ്ഥാനം പഞ്ചാബാണ്. മഹാരാഷ്ട്ര (6,190), ഉത്തർപ്രദേശ് (5,953), തമിഴ്‌നാട് (5,694) വിദേശ വിദ്യാർഥി പ്രവേശനത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. ഏറ്റവും കൂടുതൽ വിദേശ വിദ്യാർഥികൾ ബിരുദ കോഴ്‌സുകളിൽ ചേർന്നത് 73.6 ശതമാനവും, ബിരുദാനന്തര പ്രോഗ്രാമുകളിൽ 16.8 ശതമാനവുമാണ്. ആകെ 42,779 വിദ്യാർഥികൾ ബിരുദ പ്രോഗ്രാമുകൾ പഠിക്കുന്നവരാണ്, ആകെയുള്ളതിൻ്റെ 74 ശതമാനമാണിത്. ഇതിൽ 27,849 പേർ പുരുഷന്മാരും 14,930 സ്ത്രീകളുമാണ്.
പ്രിയം ബിരുദപഠനം
ഇന്ത്യയിലെത്തുന്ന വിദേശികളിൽ 73.6 ശതമാനം പേരും ബിരുദ കോഴ്സുകളിലാണ് ചേരുന്നത്. 16.8 ശതമാനം പേർ പിജി കോഴ്സുകളും ബാക്കിയുള്ളവർ ഡിപ്ലോമ, പിഎച്ച്ഡി, സർട്ടിഫിക്കറ്റ് കോഴ്സുകളും തിരഞ്ഞെടുക്കുന്നു. ബിരുദ കോഴ്സുകളിൽ പഠിക്കുന്ന 42,779 വിദ്യാർഥികളിൽ 27,849 പേർ ആൺകുട്ടികളും 14,930 പേർ പെൺകുട്ടികളുമാണ്.
വിദേശ വിദ്യാർഥികളുടെ പ്രവേശനം 2019-20 ൽ 48,898 ൽ നിന്ന് 2023-24 ൽ 58,134 ആയി ഉയർന്നു. അഞ്ച് വർഷത്തിനിടെ 9,236 ആണ് വിദ്യാർഥികളുടെ വർധധനവ്, അതായത് 18.9 ശതമാനം. ആണ്‍കുട്ടികളുടെ പ്രവേശന നിരക്ക് 32,386 ൽ നിന്ന് 37,295 ആയി ഉയർന്നപ്പോൾ, അതേ കാലയളവിൽ പെണ്‍കുട്ടികളുടെ എണ്ണം 16,512 ൽ നിന്ന് 20,839 ആയി ഉയർന്നു.
2023-24 അധ്യയന വർഷത്തിൽ ലെബനൻ, ബുർക്കിന ഫാസോ, മംഗോളിയ, മെക്‌സിക്കോ, കസാക്കിസ്ഥാൻ, ബെലാറസ്, ചിലി എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ വിദ്യാർഥികളെയും ഇന്ത്യ സ്വീകരിച്ചു. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി അന്താരാഷ്ട്ര വിദ്യാർഥികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ മന്ത്രാലയം 2018 ൽ സ്റ്റഡി ഇൻ ഇന്ത്യ (SII) പരിപാടി ആരംഭിച്ചിരുന്നതും ഇതിൽ പ്രധാന പങ്കു വഹിക്കുന്നു.
വെബ് അധിഷ്ഠിത ഡാറ്റ ക്യാപ്‌ചർ ഫോർമാറ്റ് വഴിയാണ് രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നാണ് AISHE വിശദമായ വിവരങ്ങൾ ശേഖരിക്കുന്നത്. വിദ്യാർഥികളുടെ പ്രവേശനം, ഫാക്കൽറ്റി, സ്റ്റാഫ്, അടിസ്ഥാന സൗകര്യങ്ങൾ, പരീക്ഷാ ഫലങ്ങൾ മുതലായവയെക്കുറിച്ചുള്ള ഡാറ്റ സ്ഥാപനങ്ങൾ AISHE പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നു. ഇത് ഇന്ത്യക്ക് പുറത്തുള്ള വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്രദമാണ്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളുടെ പ്രാഥമിക ഉറവിടമായി സർവേ പ്രവർത്തിക്കുന്നു.







