കാർഷിക രംഗത്തും മൃഗസംരക്ഷണ മേഖലയിലും ഏറെ വിപ്ലവം സൃഷ്‌ടിച്ച ഒന്നാണ് മൃഗങ്ങളുടെയും വിളകളുടെയും ജീനോമുകളുടെ (ഡിഎൻഎ ഘടന) ക്രമീകരണം. പതിറ്റാണ്ടുകളോളം ഗവേഷണം നടത്തിയാണ് ശാസ്‌ത്രജ്ഞർ ഈ ചരിത്രപരമായ കണ്ടുപിടുത്തം നടത്തിയത്. ഇതിനായി കോടിക്കണക്കിന് ഡോളർ രൂപ ചെലവഴിച്ചിട്ടുമുണ്ട്. മൃഗങ്ങളുടെയും വിളകളുടെയും ജനിതക ഘടനയെക്കുറിച്ച് പഠനം നടത്തുന്ന വിശദമായ പഠന ശാഖയാണ് ജീനോമിക്‌സ്. എന്നാൽ ജീനോമിക്‌സ് (genomics) പഠനങ്ങളിൽ എപ്പോഴും അവഗണിക്കപ്പെടുന്ന ഒന്നാണ് ഫംഗസുകൾ. ബ്രെഡ് ചീത്തയാക്കുമ്പോഴോ അല്ലെങ്കിൽ കാൽവിരലുകളിൽ അണുബാധ ഉണ്ടാക്കുമ്പോഴോ മാത്രമാണ് ആളുകൾ ഫംഗസിനെ ശ്രദ്ധിക്കാറുള്ളത്.
ആധുനിക വൈദ്യശാസ്ത്രത്തിൽ ഫംഗസിന് വളരെ പ്രധാന്യമുണ്ടെന്ന് കെമിക്കൽ, ബയോമോളിക്യുലാർ എഞ്ചിനീയറായ സ്യൂ “ഷെറി” ഗാവോ പറയുന്നു. “ആൻ്റിബയോട്ടിക് പെൻസിലിനിൻ്റെ മുതൽ കൊളസ്ട്രോൾ കുറയ്ക്കുന്ന സ്റ്റാറ്റിനുകൾ വരെയുള്ളവയുടെ കണ്ടെത്തലുകൾക്ക് ഫംഗസുകളുടെ രാസഘടനയോട് നാം കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതൊക്കെയാണെങ്കിലും, ഫംഗസുകളുടെ വലിയൊരു വിഭാഗം ഇപ്പോഴും ആർക്കും മനസിലാവാത്ത നിഗൂഢമായ കാര്യം പോലെ അവശേഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രകൃതിയിൽ ബാക്ടീരിയകളെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ഔഷധ ഉൽപ്പാദന ജീൻ ഘടനകളെ ലബോറട്ടറിയിലെ അണുവിമുക്തമായ സാഹചര്യങ്ങളിൽ വളരുന്ന പൂപ്പലുകൾ നിർജ്ജീവമാക്കുന്നുവെന്നും ഇത്തരം നിഷ്‌ക്രിയമായ ജീൻ ഘടനകളെ വീണ്ടും സജീവമാക്കാൻ, ജീനുകളെ കൃത്യമായി നിയന്ത്രിക്കാൻ (regulatory genes) കഴിയുന്ന ശക്തമായ ഒരു മാർഗം ആവശ്യമാണെങ്കിലും പരമ്പരാഗത മാർഗങ്ങൾ അതിന് അനുയോജ്യമല്ലായെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോൾ, സ്കൂൾ ഓഫ് എഞ്ചിനീയറിങ് ആൻഡ് അപ്ലൈഡ് സയൻസിലെ ഗാവോയും സംഘവും fPE7max എന്ന പേരിൽ ഒരു പുതിയ ജീനോം എഡിറ്റിങ് ഉപകരണം വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് ഫിലമെൻ്റ്സ് ഫംഗസ് എന്നറിയപ്പെടുന്ന നൂൽ പോലുള്ള പൂപ്പലുകളുടെ സങ്കീർണ്ണമായ ജനിതക ഘടനയിൽ മാറ്റം വരുത്തുന്നതിനായി വികസിപ്പിച്ചെടുത്തതാണ്. ഇവരുടെ കണ്ടെത്തലുകൾ നേച്ചർ ബയോടെക്നോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ഫംഗസിനായുള്ള ജീനോമിക്‌സ് പാഠപുസ്തകം
കഴിഞ്ഞ ദശകത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ജീൻ-സ്പ്ലൈസിംഗ് സാങ്കേതിക വിദ്യയാണ് CRISPR-Cas9. ആൻ്റിബയോട്ടിക് ഘടകങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ള ഫിലമെൻ്റ്‌സ് ഫംഗസുകളിൽ ഇത് നമ്മൾ വിചാരിക്കാത്ത ജനിതക മാറ്റങ്ങൾ സൃഷ്‌ടിക്കുന്നു. ജീവനുള്ള കോശങ്ങളുടെ ഡിഎൻഎയിൽ (DNA) അതീവ കൃത്യതയോടെ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന ഒരു അത്യാധുനിക ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യയാണ് പ്രൈം എഡിറ്റിങ് (Prime editing). ഒരു ഗൈഡ് ആർഎൻഎയെ ആശ്രയിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഡിഎൻഎയിൽ ഏത് ഭാഗത്താണ് മാറ്റം വരുത്തേണ്ടതെന്ന് കൃത്യമായി കണ്ടെത്തി ‘പ്രൈം എഡിറ്റർ’ (Cas9 nickase) എൻസൈമിനെ ആ ഭാഗത്തേക്ക് നയിക്കുന്നു.







