മുഖ്യമന്ത്രി ആരാകണമെന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെ പുതിയ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തിനും മന്ത്രിമാര്‍ ആരാകണം എന്നത് സംബന്ധിച്ചും കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍ സജീവമായി. നിയുക്ത എംഎല്‍എ സണ്ണി ജോസഫ് മന്ത്രിയാകുന്നതോടെ കെപിസിസി അദ്ധ്യക്ഷന്‍ ആരാകുമെന്നാണ് നിലവിലെ ചര്‍ച്ച. മുഖ്യമന്ത്രി ചര്‍ച്ചകളെത്തുടര്‍ന്ന് ഇടക്കാലത്ത് ക്ഷയിച്ചുപോയ ഗ്രൂപ്പുകള്‍ വ്യക്തികളുടെ പേരിലാണെങ്കിലും ചേരിതിരിഞ്ഞ് കോണ്‍ഗ്രസില്‍ ശക്തിയാര്‍ജിച്ചത് ചര്‍ച്ചകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഘടകക്ഷികള്‍ക്ക് മന്ത്രിസ്ഥാനങ്ങള്‍ വീതം വെക്കുന്നതും തലവേദന സൃഷ്ടിക്കും എന്ന് ഉറപ്പാണ്.
മുഖ്യമന്ത്രി ചര്‍ച്ചകള്‍ തീര്‍ത്ത അനിശ്ചിതത്വത്തിന്റെ തലവേദനക്ക് ശേഷം കെപിസിസി അധ്യക്ഷ പദവിയിലും അവകാശവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. ഔദ്യോഗിക ചര്‍ച്ചകളിലേക്ക് പാര്‍ട്ടി നേതൃത്വം കടക്കുന്നതിന് മുന്‍പാണ് ഈ നിര്‍ണായക നീക്കം. മുന്‍പ് സാമുദായിക പരിഗണനകള്‍ അടക്കം വിലയിരുത്തിയാണ് നിലവിലെ അധ്യക്ഷനെ തിരഞ്ഞെടുത്തത്. അന്ന് ആദ്യഘട്ടത്തില്‍ തന്നെ തഴയപ്പെട്ട നേതാക്കളടക്കം ഇപ്പോള്‍ വീണ്ടും അധ്യക്ഷപദത്തിനായി രംഗത്തെത്തിയിരിക്കുകയാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരും എന്നത് കെപിസിസി അധ്യക്ഷന്‍ ആരാകണമെന്നുള്ള തീരുമാനത്തെയും സ്വാധീനിക്കാന്‍ ഇടയുണ്ട്. എങ്കിലും നിലവില്‍ ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ഷാഫി പറമ്പില്‍ തുടങ്ങിയവടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.
അതിനിടെ കെപിസിസി അധ്യക്ഷസ്ഥാനത്തില്‍ അവകാശവാദവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പുതിയ വാര്‍ത്ത. മുമ്പ് പലതവണ അര്‍ഹതയുണ്ടായിട്ടും തന്നെ മാറ്റിനിര്‍ത്തുന്ന സാഹചര്യമുണ്ടായെന്നും ഇത്തവണ ദളിത് വിഭാഗത്തില്‍ നിന്നുള്ള പരിചയസമ്പന്നനായ നേതാവ് എന്ന നിലയില്‍ പരിഗണിക്കണമെന്നുമാണ് സുരേഷിന്റെ ആവശ്യം.








