ആര് കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്നതിൽ അഭിപ്രായം പറയാൻ കോൺഗ്രസിന്റെ വിവിധ തലങ്ങളിലുള്ള നേതാക്കൾ ഇന്ന് ന്യൂഡല്‍ഹിയിൽ എത്തും. മുൻ കെപിസിസി പ്രസിഡന്റുമാരായ കെ മുരളീധരൻ , മുല്ലപ്പള്ളി രാമചന്ദ്രൻ , വിഎം സുധീരൻ , കെ സുധാകരൻ , എംഎം ഹസൻ എന്നിവരിൽ മുല്ലപ്പള്ളി ഒഴികെയുള്ളവർ ഇന്ന് ഡല്‍ഹിയിലെത്തും. മുല്ലപ്പള്ളി ഫോണിൽ സംസാരിക്കാമെന്നാണ് ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്. ഇവരെക്കൂടാതെ കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരും ഡല്‍ഹിയിൽ ഹൈക്കമാൻഡിനെ തങ്ങളുടെ നിലപാട് ധരിപ്പിക്കും.
അതെസമയം കടുത്ത കെസി പക്ഷക്കാരായ വർക്കിങ് പ്രസിഡന്റുമാരെ വിളിപ്പിച്ചതില്‍ വിഡി സതീശൻ പക്ഷം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ എംഎൽഎമാരുടെ പിന്തുണ ആർക്കെല്ലാമെന്ന് ഹൈക്കമാൻഡ് കണക്കെടുത്തിരുന്നു. എന്നാൽ എംഎൽഎമാരുടെ മാത്രം പിന്തുണ ആരാഞ്ഞ് തീരുമാനമെടുക്കുന്നതിനെതിരെ സതീശൻ പക്ഷം രംഗത്ത് വന്നു. ഇതോടെയാണ് പാർട്ടിയുടെ വിവിധ തലങ്ങളിലുള്ള നേതാക്കളുടെ കൂടി അഭിപ്രായം ആരായാമെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചത്.
മുഖ്യമന്ത്രി പദത്തിനു വേണ്ടിയുള്ള അവകാശവാദത്തിൽ നിന്ന് മൂന്ന് നേതാക്കളും പിൻമാറാൻ തയ്യാറായിട്ടില്ല. മല്ലുകാർജുൻ ഖാർഗെയും, രാഹുൽ ഗാന്ധിയും, സോണിയ ഗാന്ധിയും ചേർന്നാണ് തീരുമാനം കൈക്കൊള്ളുക. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് വിവരം.









