ഒഡീഷയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്, പോയിന്‍റ് പട്ടികയിൽ കുതിപ്പ്!

0
31

കൊച്ചി: ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സിനു തകർപ്പൻ വിജയം. ഒഡീഷ എഫ്‌സിക്കെതിരെ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ മാറ്റിയാസ് ഹെർണാണ്ടസ് നേടിയ ഗോളാണ് ടീമിനു മൂന്ന് പോയിന്‍റുകള്‍ സമ്മാനിച്ചത്.

മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ചു കളിച്ചിരുന്നി. ഇടത് വിങ്ങിലൂടെ കെവിൻ യോക്ക് നടത്തിയ മുന്നേറ്റങ്ങൾ ഒഡീഷ പ്രതിരോധത്തെ വിറപ്പിച്ചു. പന്ത്രണ്ടാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടി. ഹിതേഷ് ശർമ്മയുടെ ഒരു ഷോട്ട് ഒഡീഷ പ്രതിരോധത്തിൽ തട്ടി തെറിച്ചത് കൃത്യമായി പിടിച്ചെടുത്ത വിക്ടർ ബെർട്ടോമിയു പന്ത് വലയിലാക്കുകയായിരുന്നു. ഗോൾ നേടിയതിന് ശേഷവും ബെർട്ടോമിയു ഒഡീഷ ഗോളിയെ പരീക്ഷിച്ചുകൊണ്ടിരുന്നു.

ഒഡീഷയുടെ തിരിച്ചടി

തുടക്കത്തിലെ ആഘാതത്തിന് ശേഷം പതുക്കെ താളം കണ്ടെത്തിയ ഒഡീഷ 27-ാം മിനിറ്റിൽ സമനില ഗോൾ നേടി. ഹിതേഷുമായി ചേർന്ന് നടത്തിയ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ റഹീം അലിയാണ് ഒഡീഷയ്ക്കായി ഗോൾ നേടിയത്. തുടർന്ന് ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിഹാൽ സുധീഷും ഫ്രാൻസിസ്കോയും ബ്ലാസ്റ്റേഴ്സിനായി മികച്ച അവസരങ്ങൾ സൃഷ്ടിച്ചിരുന്നു.

രണ്ടാം പകുതിയിലെ നാടകം

രണ്ടാം പകുതിയിൽ ഒഡീഷയാണ് കൂടുതൽ ആക്രമിച്ചു കളിച്ചത്. ബ്ലാസ്റ്റേഴ്‌സ് ഗോളി അർഷ് അൻവർ ഷെയ്ഖിന്‍റെ തകർപ്പൻ സേവുകളാണ് ടീമിനെ മത്സരത്തിൽ നിലനിർത്തിയത്. ഐബൻബ ദോലിംഗും വിബിൻ മോഹനനും നയിച്ച പ്രതിരോധ നിരയും ഒഡീഷയുടെ നിരന്തരമായ ആക്രമണങ്ങളെ ചെറുത്തുനിന്നു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയിരുന്ന സമയത്താണ് ഇഞ്ചുറി ടൈമിൽ നാടകീയമായ നിമിഷങ്ങൾ അരങ്ങേറിയത്.

ഹെർണാണ്ടസിന്‍റെ വിജയഗോൾ

മത്സരത്തിന്‍റെ 93-ാം മിനിറ്റിൽ ലഭിച്ച ഒരു കോർണർ കിക്ക് ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയത്തിന് വഴിമരുന്നിട്ടു. പകരക്കാരനായി വന്ന എബിൻദാസ് നൽകിയ കൃത്യമായ ക്രോസ്, മറ്റൊരു പകരക്കാരനായ മാറ്റിയാസ് ഹെർണാണ്ടസ് തകർപ്പൻ ഹെഡറിലൂടെ ഗോൾ പോസ്റ്റിലെത്തിച്ചു. സ്റ്റേഡിയം ആവേശം കൊണ്ട് ഇരമ്പിയ നിമിഷമായിരുന്നു അത്. തൊട്ടുപിന്നാലെ കെവിൻ യോക്ക് ഒരു ഗോൾ കൂടി നേടിയെങ്കിലും അത് ഓഫ്‌സൈഡ് വിളിക്കപ്പെട്ടു.

ഈ വിജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 11 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക് ഉയർന്നു. ഒഡീഷ എഫ്‌സി 13-ാം സ്ഥാനത്താണ്. മികച്ച പ്രകടനം കാഴ്ചവെച്ച വിക്ടർ ബെർട്ടോമിയു ആണ് മത്സരത്തിലെ താരം.

LEAVE A REPLY

Please enter your comment!
Please enter your name here