ആശുപത്രികളിലെ വീഴ്ചകൾക്ക് തടയിടാൻ സർക്കാർ; മാർഗരേഖ പുറത്തിറക്കി

0
31

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയാ പിഴവുകൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും പുതിയ മാർഗനിർദേശം ബാധകമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികൾക്ക് വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് നിർബന്ധമായും നൽകണം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണം. ഓപ്പറേഷൻ തിയറ്ററിൽ ആരും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും പുതിയ നിർദേശങ്ങളിൽ വ്യക്തമാക്കുന്നു. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പേരും എണ്ണവും മുൻപ് തന്നെ വൈറ്റ് ബോർഡിൽ രേഖപ്പെടുത്തണം.

രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോഡ് എന്നിവ ഡോക്ടറും നഴ്സും ചേർന്ന് പൂരിപ്പിക്കണം. കൂടാതെ വാർഡ് ഡോക്ടറും നഴ്സ് ഇൻ ചാർജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം. തിയറ്റർ ചുമതലയുള്ള നഴ്സിങ് ഓഫിസർ ഇത് വായിച്ച് വ്യക്തത വരുത്തിയ ശേഷം മാത്രമേ രോഗിയെ തിയറ്ററിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളൂ.

ശസ്ത്രക്രിയയ്ക്ക് ശേഷം ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ച് ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണം. ഉത്തരവാദിത്തങ്ങൾ മുൻകൂട്ടി നിശ്ചയിക്കുന്നതിനാൽ ആരോഗ്യ പ്രവർത്തകർക്ക് പരസ്പരം പഴിചാരാൻ കഴിയില്ല. നിർദേശങ്ങൾ കർശനമായി പാലിക്കുന്നതിലൂടെ ഉപകരണങ്ങൾ ഉള്ളിൽ കുടുങ്ങുന്നതുൾപ്പെടെയുള്ള അപകടങ്ങൾ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ശസ്ത്രക്രിയാ പിഴവുകൾ

സംസ്ഥാനത്ത് അടുത്തിടെ വലിയ വിവാദമായ നിരവധി ശസ്ത്രക്രിയാ പിഴവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ 2017ൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീന അഞ്ച് വർഷത്തോളം കടുത്ത വേദനയും അണുബാധയും അനുഭവിച്ചു.

2022ൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ ഇത് പുറത്തെടുത്തു. വീഴ്ച വരുത്തിയ ഡോക്ടർമാർക്കെതിരെ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഹർഷീന ഇപ്പോഴും സമരത്തിലാണ്.

വണ്ടാനം മെഡിക്കൽ കോളജിൽ 2021ൽ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ വയറ്റിൽ കത്രിക അവശേഷിച്ച സംഭവവും വലിയ കോളിളക്കം സൃഷ്ടിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി ഉഷാ ജോസഫിനാണ് ഈ ദുരവസ്ഥയുണ്ടായത്. കോവിഡ് കാലത്ത് വയറ്റിൽ വലിയ മുഴ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ശസ്ത്രക്രിയ. കടുത്ത വയറുവേദനയെ തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ എടുത്ത എംആർഐ സ്കാനിലാണ് കത്രിക കുടുങ്ങിയ കാര്യം വ്യക്തമായത്.

തൃശൂർ ജനറൽ ആശുപത്രിയിൽ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടെ മൂത്രസഞ്ചിക്ക് മുറിവേറ്റ സംഭവവും അടുത്തിടെ പുറത്തുവന്നിരുന്നു. തെക്കുംകര സ്വദേശി സുജയ്ക്കാണ് ദുരനുഭവമുണ്ടായത്. ഗർഭപാത്രം നീക്കുന്നതിനിടെ മൂത്രാശയം കത്രിക തട്ടി കീറുകയായിരുന്നു. ആന്തരികാവയവങ്ങളിലാകെ മൂത്രം പരന്ന് ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയിലായി. തുടർന്ന് ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റിയ സുജയെ അടിയന്തര ശസ്ത്രക്രിയയിലൂടെയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ലക്ഷ്യമിട്ടാണ് ആരോഗ്യവകുപ്പിൻ്റെ പുതിയ ഇടപെടൽ.

LEAVE A REPLY

Please enter your comment!
Please enter your name here